പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം കാശുംപോയി സ്കൂട്ടറുമില്ല...
1511125
Tuesday, February 4, 2025 11:52 PM IST
ഹരിപ്പാട്: പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയതായി ബന്ധപ്പെട്ട മുഖ്യസൂത്രധാരൻ തൊടുപുഴ കൊടിയത്തൂർ കോളപ്ര ചുരക്കുളങ്ങര വീട്ടിൽ അനന്തകൃഷ്ണൻ മൂവാറ്റുപുഴയിൽനിന്നു പിടിയിലായതോടെ സംഭവത്തിൽ പണം നഷ്ടമായവർ കൂട്ടത്തോടെ പരാതിയുമായി രംഗത്ത്. ജില്ലയുടെ പല ഭാഗത്തും ഇത്തരം തട്ടിപ്പുകൾ അരങ്ങേറി.
ഹരിപ്പാട്, തൃക്കുന്നപ്പുഴ കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലായി നൂറുകണക്കിനു പരാതികളാണ് ലഭിക്കുന്നത്. നഷ്ടപ്പെട്ട പണമെങ്കിലും തിരികെ ലഭിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടു ന്നത്. ഇരുചക്ര വാഹനങ്ങൾ തയ്യൽ മെഷീൻ മൊബൈൽ ഫോൺ ലാപ്ടോപ്പ് വീട്ടുപകരണങ്ങൾ എന്നിവ പകുതി വിലയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. 1,20,000 രൂപ വിലയുള്ളതും ഒരുലക്ഷം രൂപ വിലയുള്ളതുമായ സ്കൂട്ടർ നൽകാമെന്നാണ് ഉപഭോക്താക്കളെ ഇവർ അറിയിച്ചിരുന്നത്. ഇതിൽ പ്രകാരം 60,000, 50,000 രൂപ വീതം സ്കൂട്ടറിന് വാങ്ങി. അക്കൗണ്ട് മുഖേനയാണ് പണം കൈമാറിയിട്ടുള്ളത്.
ഹരിപ്പാട് നിന്നു മൂന്നുകോടിയോളം രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി സീഡ് സൊസൈറ്റി ഹരിപ്പാട് കോ-ഓർഡിനേറ്റർമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ ആനന്ദകുമാർ, സെക്രട്ടറി അനന്തകൃഷ്ണൻ, സ്പിയാട്സ് ചെയർപേഴ്സൺ ഷീബ സുരേഷ്, സെക്രട്ടറി സുമ അനിൽകുമാർ, വൈസ് പ്രസിഡന്റ് ഇന്ദിര എന്നിവർക്കെതിരേയാണ് പരാതി നൽകിയത്. എൻജിഒ കോൺഫെഡറേഷന്റെ കീഴിലെ സ്പിയാർഡ്സ് ഏജൻസിയുടെ നേതൃത്വത്തിലാണ് ഹരിപ്പാട് സീഡ് കുമാരപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്നത്.
സംഘത്തിന്റെ നേതൃത്വത്തിൽ സബ്സിഡി നിരക്കിൽ ജീവനോപാധികൾ വിതരണം ചെയ്തുവന്നിരുന്നു. ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. രണ്ട് ഘട്ടങ്ങളിലായി 20 ഓളം ഇരുചക്രവാഹനങ്ങളും നിരവധിപേർക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു. എന്നാൽ മൂന്നാം ഘട്ടത്തിനായി 380 പേരോളം ഇരുചക്ര വാഹനത്തിനായി പണം അടച്ചു. എട്ടുമാസങ്ങൾ കഴിഞ്ഞിട്ടും വാഹനമോ പണമോ തിരികെ ലഭിച്ചിട്ടില്ല.
380 പേരോളം തയ്യൽ മെഷീനും നിരവധി പേർ വീട്ടുപകരണങ്ങൾക്കും പണം അടച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്കുള്ള തുക ഉപഭോക്താക്കൾ നേരിട്ട് അനന്തകൃഷ്ണന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പാവപ്പെട്ട ജനങ്ങളുടെ നഷ്ടമായ തുക ലഭ്യമാക്കുന്നതിന് നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ വി.എസ്. ജയൻ, ഗ്ലോറി ജോർജ്, ബിന്ദു എസ്. പിള്ള, രാധ ബാബു, രതി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
കായംകുളത്ത്
അഞ്ഞൂറിലധികം സ്ത്രീകൾ
കായംകുളം: നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിൽ നിന്നുമായി അഞ്ഞൂറിലധികം പേർക്ക് പണം നഷ്ടപ്പെട്ടു. കായംകുളം പോലീസ് സ്റ്റേഷനിൽ മാത്രം കഴിഞ്ഞദിവസം പതിനഞ്ചു പരാതി ലഭിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് സൂചന.
നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോ-ഓർഡിനേറ്റർ ആണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്വന്തം പേരിൽ വിവിധ കൺസൾട്ടൻസികൾ ആരംഭിച്ച് അതിന്റെ പേരിലാണ് ഇടപാടുകൾ നടത്തിയത്. ഓരോ സ്ഥലത്തും ഓരോ സംഘടന രൂപവത്കരിച്ച് വോളണ്ടിയർമാരായി പ്രദേശത്തെ അറിയപ്പെടുന്നവരെ ഉൾപ്പെടുത്തിയാണ് പണം സമാഹരിച്ചത്.
തുടക്കത്തിൽ നിശ്ചിതസമയത്തിനുള്ളിൽ പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും മറ്റും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ വിശ്വസിച്ചാണ് പലരും പണം നൽകിയത്. കായംകുളത്തും പരിസരത്തുനിന്നുമായി അഞ്ഞൂറിലേറെ പേർ തട്ടിപ്പിനിരയായെന്നാണ് വിവരം. രജിസ്ട്രേഷൻ ഫീസായി 300 രൂപ വീതം ഓരോരുത്തരിൽനിന്നു ഈടാക്കിയിരുന്ന വാർഷിക അംഗത്വം പുതുക്കുന്നതിന് 200 രൂപ വേറെയും നൽകണം.
ഇടുക്കി കുടയത്തൂർ കോളപ്രയിൽ പ്രവർത്തിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുള്ള സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പേരിലാണ് ഡാറ്റ വെരിഫിക്കേഷൻ പൂർത്തീകരിച്ച് കഴിയുമ്പോൾ നൽകിയ സ്ലിപ്പ് 1,20,000 രൂപയുടെ ഇരുചക്രവാഹനം മൂന്നുമാസത്തിനകം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽനിന്നു 2024 മേയ് മാസത്തിൽ 60,000 രൂപ വീതം ഈടാക്കിയിരുന്നു. എറണാകുളം കളമശേരിയിൽ പ്രവർത്തിക്കുന്നതെന്ന് പറയുന്ന പ്രഫഷണൽ സർവീസസ് ഇന്നവേഷൻസിന്റെ പേരിലാണ് രസീത് നൽകിയത്.
കായംകുളത്തെ ഒരു നഗരസഭാ കൗൺസിലർ അടക്കം എഡിഎസ് പ്രൊമോട്ടർമാരെയാണ് കോ-ഓർഡിനേറ്റർമാരായി നിയമിച്ചിരുന്നത്. ഇവരെ വിശ്വസിച്ചാണ് പലരും പണം നിക്ഷേപിച്ചത്. മൂന്നുമാസം കഴിഞ്ഞിട്ടും സ്കൂട്ടർ ലഭിക്കാതായതോടെ ആളുകൾ കോ-ഓർഡിനേറ്റർമാരെ സമീപിച്ചപ്പോൾ വൈകാതെ തന്നെ ലഭിക്കും എന്നു മറുപടി നൽകി.
ഏഴുമാസം കഴിഞ്ഞിട്ടും കിട്ടാതായതോടെ നിക്ഷേപകർ ബഹളം വച്ചതോടെ കഴിഞ്ഞ മാസം കായംകുളം പുല്ലുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിക്ഷേപകരുടെ യോഗം വിളിച്ചു. 200 രൂപയുടെ മുദ്രപത്രം കൊണ്ടുവരണമെന്ന് നേരത്തേ അറിയിച്ചത് അനുസരിച്ച് അതുമായി എത്തിയ നിക്ഷേപകരിൽനിന്ന് നോട്ടറി അറ്റസ്റ്റേഷൻ എന്ന പേരിൽ വീണ്ടും 500 രൂപ വീതം ഈടാക്കി മൂന്നു മാസത്തിനകം ഇരുചക്രവാഹനം നൽകും എന്നായിരുന്നു കരാർ.