കുതിരവട്ടംചിറയ്ക്കു പുതുജീവൻ: 15.38 കോടി രൂപയുടെ നവീകരണ പദ്ധതിക്കു തുടക്കം
1510660
Sunday, February 2, 2025 11:42 PM IST
ചെങ്ങന്നൂര്‍: വെണ്മണി പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ 20 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കുതിരവട്ടംചിറ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ജലസ്രോതസ് എന്ന നിലയില്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം വിനോദ സഞ്ചാര സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലമാക്കുന്ന നിര്‍മാണമാണ് ആരംഭിക്കുന്നത്.
തടാകത്തിനു ചുറ്റുമായി 1400 മീറ്റര്‍ നീളം വരുന്ന നടപ്പാത, ചാരുബഞ്ചുകള്‍, കുടുംബമായി താമസിക്കുന്ന കോട്ടേജുകള്‍, ബോട്ടിംഗ് സൗകര്യങ്ങള്‍, തടാകത്തിന്റെ കരകളെ ബന്ധിപ്പിക്കുന്ന നടപ്പാലം, ഹൈടെക് ഫിഷ് ഹാച്ചറി, മിനി അക്വേറിയം, 60,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി എന്നിവ നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15.38 കോടി ചെലവഴിച്ചു നിര്‍മിക്കുന്ന നവീകരണ പ്രവൃത്തികള്‍ മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോള്‍ അധ്യക്ഷയായി. തീരദേശ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ റിട്ട. ഐഎഎസ് പി.ഐ. ഷേയ്ക്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെബിന് പി. വര്‍ഗീസ്, മഞ്ജുള ദേവി, പി.ആര്. രമേശ് കുമാര്‍, കെ.എസ്. ബിന്ദു, കെ.പി. ശശിധരന്, ബെന്നി വില്യംസ് എന്നിവര്‍ പ്രസംഗിച്ചു.