തെരുവുനായ ആക്രമണം: വള്ളികുന്നത്ത് ജനം ഭീതിയിൽ
1510659
Sunday, February 2, 2025 11:42 PM IST
കായംകുളം: വള്ളികുന്നത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചതോടെ ജനം ഭീതിയിലായി. കഴിഞ്ഞദിവസം വള്ളികുന്നം പള്ളിമുക്ക് പടയണിവെട്ടം ഭാഗങ്ങളില്‍ ആറുപേരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച് ഗുരുതര പരുക്കേല്പിച്ച തെരുവുനായയ്ക്കു പേവിഷ ബാധയുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു. തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ പ്രദേശത്തെ മറ്റു തെരുവുനായ്ക്കള്‍ക്കും പേവിഷബാധ ഉണ്ടാകാമെന്നതിനാല്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന് നല്‍കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
നാടിനെ ഭീതിയിലാക്കിയ ആക്രമാസക്തനായ തെരുവുനായയെ ഒടുവില്‍ പിടികൂടിയിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു നായയുടെ ആക്രമണം. പാഞ്ഞുവന്ന നായയില്‍നിന്നു പേരക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പള്ളിയുടെ പടീറ്റതില്‍ മറിയാമ്മ രാ ജനെയാണ് ആദ്യം നായ ആക്രമിച്ചത്.
നിലത്തുവീണു പോയ ഇവരുടെ മുഖമാകെ കടിച്ചുകീറി. മൂക്കിനും ചുണ്ടിനും ആഴത്തില്‍ മുറിവേറ്റു. ഇതു കണ്ട് ഓടിയെത്തിയ അയല്‍വാസികളായ പുതുപ്പുരയ്ക്കല്‍ തറയില്‍ യശോധരന്, രാമചന്ദ്രന്, കിഴക്കേതില്‍ ഹരികുമാര്‍ എന്നിവരും നായയുടെ ആക്രമണത്തിനിരയായി. യശോധരന്റെ തലയിലാണ് ആഴത്തില്‍ കടിയേറ്റത്. വെട്ടത്തേത്ത് രാജേഷ്, പള്ളിയുടെ പടീറ്റതില്‍ ഷിബു ബാബു എന്നിവര്‍ക്ക് നായയെ പിടിക്കാനുള്ള ശ്രമത്തിലാണ് കടിയേറ്റത്.
പ്ലാവില ജംഗ്ഷനു സമീപമുള്ള പറമ്പില്‍നിന്നാണ് അവശനിലയില്‍ നായയെ കഴിഞ്ഞദിവസം രാവിലെ കണ്ടെത്തിയത്. തുടര്‍ന്ന് ചേര്‍ത്തലയില്‍നിന്നുള്ള നായപിടിത്തക്കാര്‍ എത്തി നായയെ വലയിലാക്കുകയായിരുന്നു. വള്ളികുന്നം വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച നായയെ നീരീക്ഷണത്തിലാക്കി ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഉച്ചയോടെ നായ ചത്തു.
തുടര്‍ന്ന് മൃതശരീരം തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായ തലങ്ങും വിലങ്ങും ഓടി നടന്നാണ് ആളുകളെയും മറ്റു തെരുവുനായ്ക്കളെയും വളര്‍ത്തു മൃഗങ്ങളെയും കടിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു. അതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.