തണ്ണീർമുക്കം ഫെസ്റ്റിന് പകിട്ടേകാൻ ഫ്യൂഷൻ തിരുവാതിരകളി മത്സരം
1510665
Sunday, February 2, 2025 11:42 PM IST
തണ്ണീര്‍മുക്കം: തണ്ണീര്‍മുക്കം ഫെസ്റ്റിന് വര്ണശോഭയേകാന് ഫ്യൂഷന്‍ തിരുവാതിര സംഘടിപ്പിക്കും. 13ന് നടത്തുന്ന മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ടീമുകള്‍ മാറ്റുരയ്ക്കും. ഒന്നാം സമ്മാനം നേടുന്ന ടീമിന് 20,000 രൂപയും രണ്ടാം സമ്മാനം നേടുന്ന ടീമിന് 15,000 രുപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രുപയും സമ്മാനമായി ലഭിക്കും. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 81130 06403 നമ്പറില്‍ ആറിന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തണ്ണീര്‍മുക്കം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തണ്ണീര്‍മുക്കത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ പഞ്ചായത്ത് മെനയുന്നു. ആദ്യപടിയായി ഉള്‍നാടന്‍ ജലാശയങ്ങളും അവയുടെ കൈവഴികളും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
പഞ്ചായത്തിലെ പ്രധാന ആറുകളാണ് കട്ടച്ചിറ ആറും പെങ്ങണ്ട ആറും . നാടിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് വലിയ ജലയാനങ്ങള്‍ക്ക് കടന്നുവരാന്‍ പോന്ന വീതിയും ആഴവുമുള്ളതാണ് ഈ ആറുകള്‍. ഗ്രാമഭംഗിയുടെ അപൂര്‍വ ചാരുത ആവോളം പാനം ചെയ്യാന്‍ ടൂറിസ്റ്റുകള്‍ക്ക് കഴിയും.
കയര്‍, കക്കാ, മത്സ്യമേഖലകളുമായി ബന്ധട്ടെ തൊഴില്‍ ഇടങ്ങള്‍, ജലാശയങ്ങള്‍ക്ക് ചാരെയുള്ള വീടുകള്‍, ഗ്രാമീണരുടെ ജീവിത രീതി, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം ടൂറിസ്റ്റുകള്‍ക്ക് ഇമ്പമേറുന്ന കാഴ്ചകളാകും.
ഏഴിനാണ് ഉദ്ഘാടനം നിശ്ചയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ അവരുടെ വള്ളങ്ങള്‍ സജ്ജമാക്കും. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കുള്ള സംവിധാനങ്ങളും ഒരുക്കും.
ഉള്‍നാടുകളിലെ കാഴ്ചകളിലൂടെ കടന്നുപോകുന്ന ടൂറിസ്റ്റുകള്‍ക്കായി ഭക്ഷണത്തിനും വിശ്രമത്തിനു മുള്ള ഇടത്താവളങ്ങളും ഉണ്ടാകും. ആദ്യ ദിവസം പത്തു വിനോദ സഞ്ചാരികള്‍ക്കാണ് അവസരം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വള്ളങ്ങള്‍ സജ്ജമാക്കും.