തണ്ണീർമുക്കം ഫെസ്റ്റ്: ടൂറിസ്റ്റുകളെ വരവേൽക്കാൻ കണ്ണങ്കര ഗ്രാമം
1510838
Monday, February 3, 2025 11:38 PM IST
തണ്ണീർമുക്കം: തണ്ണീർമുക്കത്തിന്റെ ടൂറിസം സാധ്യതകൾക്കു നിറച്ചാർത്താകാൻ കണ്ണങ്കര ഗ്രാമം അണിഞ്ഞൊരുങ്ങുന്നു. ബോട്ടു സർവീസുകൾ പുനഃസ്ഥാപിച്ചും പാതിരാമണൽ ദ്വീപുമായി ബന്ധപ്പെട്ട ബോട്ടുസർവീസുകൾ കണ്ണങ്കരയ്ക്ക് നീട്ടിയും ബോട്ടുജെട്ടി വരെ ഉണ്ടായിരുന്ന ബസ് സർവീസുകൾ പുനഃസ്ഥാപിച്ചും ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഇപ്പോൾ പാതിരാമണൽ ദ്വീപുവരെ എത്തുന്ന ജലഗതാഗതവകുപ്പിന്റെ വേഗാബോട്ടും സീ കുട്ടനാട് ബോട്ടും വടക്കൻ മേഖലകളിലേക്ക് സർവീസ് നടത്തുന്നില്ല. ഈ ബോട്ടുകൾ കണ്ണങ്കര ബോട്ടുജെട്ടി, തണ്ണീർമുക്കം ബോട്ടുജെട്ടി എന്നിവിടങ്ങളിലേക്ക് നീട്ടണമെന്നാണ് ആവശ്യം.
കായൽ ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള പഞ്ചായത്താണ് തണ്ണീർമുക്കം. ലോകത്തെ ഏറ്റവും വലിയ ഉപ്പുവെള്ള നിരോധിനികളിൽ ഒന്നായ തണ്ണീർമുക്കം ബണ്ടും ഉൾനാടൻ ജലാശയങ്ങളം സഞ്ചാരികളുടെ ഓർമകളിൽ ഒളിമങ്ങാതെ നിൽക്കുന്ന കാഴ്ചകളാണ്. തണ്ണീർമുക്കം ബണ്ടിനും കായൽ മധ്യത്തിലുള്ള പുത്തൻകായലിനും മുഹമ്മ പഞ്ചായത്തിലെ പാതിരാമണൽ ദ്വീപിനും മധ്യേ മനംമയക്കുന്ന കായൽ കാഴ്ചകളുമായി സഞ്ചാരികളെ കണ്ണെറിയുകയാണ് കണ്ണങ്കര ഗ്രാമം.
കണ്ണങ്കര ബോട്ടുജെട്ടിയിലെത്തി കായൽ തീരങ്ങളിൽ വിശ്രമിച്ച് മടങ്ങുന്നവർ നിരവധിയാണ്. കുട്ടികളുടെ പാർക്ക്, നീന്തൽകുളം എന്നിവ നിർമിച്ചും യാത്രാ സൗകര്യങ്ങൾ വികസിപ്പിച്ചും വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് നീക്കം. നിലവിൽ ഹൗസ് ബോട്ടുകൾ അടുക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്.
ബോട്ടുജെട്ടിക്കു സമീപം കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ടൂറിസം മേഖലയിൽ കുതിപ്പുണ്ടാക്കാൻ ജനപ്രതിനിധികൾ പദ്ധതികൾ മെനയുകയാണ്. ബോട്ടുജെട്ടിയോട് ചേർന്ന് കുട്ടികളുടെ പാർക്കും നീന്തൽക്കുളവും ഉയർന്നാൽ കണ്ണങ്കരയിലേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തും.
ആലപ്പുഴ കനാൽ പോലെ വീതിയുള്ള പുത്തനങ്ങാടി തോട് ആഴം കൂട്ടി ഹൗസ് ബോട്ടുകൾക്ക് കടന്നുവരാൻ പാകത്തിലാക്കിയാൽ ഹൗസ് ബോട്ടുകൾക്ക് സുരക്ഷിത താവളമാകും.