ജില്ലയില്‍ തൊഴിലുറപ്പ് വേതനവിതരണം മുടങ്ങി
1511114
Tuesday, February 4, 2025 11:52 PM IST
എടത്വ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വിതരണം മുടങ്ങി. ജില്ലയില്‍ 72 പഞ്ചായത്തുകളിലായി ആയിരക്കണക്കിന് തൊഴിലാളികളുടെ വേതനമാണ് മുടങ്ങിയത്. 60 വയസിനു മുകളിലുള്ള സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാരാബ്ധങ്ങളെത്തുടര്‍ന്ന് പ്രായം അവഗണിച്ചാണ് തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത്.
ഒരു വാര്‍ഡില്‍ 50 മുതല്‍ 75 വരെ തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഒരു തൊഴിലാളിക്ക് ചുരുങ്ങിയത് 15,000 രൂപ മുതല്‍ 20,000 രൂപ വരെ വേതനം ലഭിക്കാനുണ്ടെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.
ഒരു പഞ്ചായത്തില്‍ തന്നെ ആയിരത്തിലധികം പേരാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി പ്രകാരം തൊഴിലെടുക്കുന്നത്. ഈ ഇനത്തില്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യാനുള്ളത്. രാവിലെ എട്ടിന് മുമ്പായി തൊഴില്‍ സൈറ്റിലെത്തിയാലേ സമയബന്ധിതമായി ഫോട്ടോയെടുത്ത് സൈറ്റില്‍ അപ്പ്ലോഡ് ചെയ്യാന്‍ കഴിയൂ.
ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെത്തി ജിയോ ടാഗ് ചെയ്ത ശേഷം ഫോട്ടോ സൈറ്റില്‍ സമര്‍പ്പിക്കണം. മുമ്പ് ഒൻപതിന് തൊഴിലിടത്തിലെത്തി തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ മതിയായിരുന്നു. തൊഴിലാളികളുടെ ഫോട്ടോ സൈറ്റില്‍ സമര്പ്പിക്കേണ്ടിയിരുന്നില്ല. നിലവിലാകട്ടെ ജിയോ ടാഗ് ചെയ്തശേഷം കിലോമീറ്റര്‍ താണ്ടിയെങ്കിലേ തൊഴിലിടത്തില്‍ എത്താന്‍ കഴിയൂ. ഉച്ചക്കും ഇതാവര്ത്തിക്കപ്പെടണം.
ഒൻപതിനാണ് തൊഴില്‍ ആരംഭിക്കുന്നതെങ്കിലും എട്ടു മണിക്കെത്തിയെങ്കിലേ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് തൊഴിലിടത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. ഒൻപതു മണിക്കൂറോളം തൊഴിലില്‍ ഏര്‍പ്പെടുന്ന ഇത്തരം തൊഴിലാളികള്‍ക്ക് 346 രൂപയാണ് വേതനം ലഭിക്കുന്നത്.
എട്ടിന് കാര്‍ഷിക മേഖലയില്‍ തൊഴിലിനിറങ്ങി രണ്ടിന് കയറുമ്പോള്‍ അവര്‍ക്ക് 600 രൂപ വേതനം ലഭിക്കുന്നുണ്ട്. ഇക്കുറി തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ കൂടിയ യോഗത്തില്‍ സ്ത്രീ തൊഴിലാളിയ്ക്ക് 650 ആക്കിയപ്പോഴാണ് 9 മണിക്കൂര്‍ തൊഴിലിടത്തില്‍ ചെലവഴിക്കുന്നവര്‍ക്ക് 346 രൂപ നല്‍കുന്നത്. ഈ തുകയാണ് രണ്ടുമാസമായി മുടങ്ങി തൊഴിലാളികള്‍ പ്രതിസന്ധി നേരിടുന്നത്.
പുതിയ ബജറ്റിലും തൊഴിലുറപ്പ് തൊഴിലാളികളെ പരിഗണിച്ചില്ല എന്നു മാത്രമല്ല കുടിശ്ശിഖ വിതരണം ചെയ്യാനുള്ള നടപടി പോലും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.