പാണ്ടനാട്ടിൽ സിപിഎം പിന്തുണയോടെ കോൺഗ്രസിന് ഭരണം
1511117
Tuesday, February 4, 2025 11:52 PM IST
ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ കോൺഗ്രസിലെ അമ്മാളുകുട്ടി സണ്ണി പ്രസിഡന്റായി. ബിജെപിയിലെ ഷൈലജ രഘുറാമിനെ ആറിനെതിരേ ഏഴു വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസിലെ അമ്മാളുകുട്ടി സണ്ണി വിജയിച്ചത്.
മൂന്നംഗങ്ങളുള്ള കോൺഗ്രസിലെ അമ്മാളുകുട്ടി സണ്ണിക്ക് അനുകൂലമായി സിപിഎമ്മിലെ നാലു പേർ വോട്ടു ചെയ്തതോടെയാണ് ഏഴു വോട്ടുകൾ ലഭിച്ചത്. അതേസമയം 13 അംഗ ഭരണസമിതിയിൽ സിപിഎമ്മിലെ ഗോപൻ കെ. ഉണ്ണിത്താൻ ബിജെപി സ്ഥാനാർഥി ഷൈലജ രഘുറാമിന് അനുകൂലമായി വോട്ടു ചെയ്തതോടെ അഞ്ച് അംഗങ്ങളുള്ള ബിജെപിക്ക് ആറു വോട്ടുകൾ ലഭിച്ചു. ഇന്നു രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ താലൂക്ക് സപ്ലൈ ഓഫീസർ സൂസൻ വരണാധികാരിയായിരുന്നു.
നേരത്തെ ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ് ആശ വി. നായർ രാജിവച്ചതോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജോസ് വല്യാനൂർ വിജയിക്കുകയും പിന്നീട് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ജെയിൻ ജിനു തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.