പെരുന്തുരുത്തുകരി പാടശേഖരത്തിൽ വികസന പദ്ധതി ഉദ്ഘാടനം
1510834
Monday, February 3, 2025 11:38 PM IST
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിലെ പെരുന്തുരുത്തുകരി പാടശേഖരത്തിൽ നബാർഡ് സഹായത്തോടെ ആറേകാൽ കോടി ചെലവിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളടെ നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സെൻട്രൽചാൽ ആഴംകൂട്ടൽ, ബണ്ട് നിർമാണം, കൽക്കെട്ട് നിർമാണം, റോഡ് നിർമാണം, സ്ളൂയീസുകളുടെ നിർമാണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്.
കാർഷികോൽപ്പാദനം കൂട്ടാനും വെള്ളപൊക്കം നിയന്ത്രിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടനാടിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും മുൻകാലങ്ങളേക്കാൾ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. കുട്ടനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക താത്പര്യത്തോടെ വികസനപദ്ധതി ആവിഷ്കരിക്കുന്നുണ്ട്.
ആലപ്പുഴയിലെ കരുവേലി പാടശേഖരത്തിന്റെ വികസനത്തിനായി 50 ലക്ഷം അനുവദിച്ചതായും മന്ത്രി പറഞ്ഞു. പി. പി. ചിത്തരഞ്ചൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്കുമാർ, ചീഫ് എൻജിനിയർ ശ്രീകലാ സി.കെ എന്നിവർ പ്രസംഗിച്ചു.