വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ക്കു പരിക്ക്
1510845
Monday, February 3, 2025 11:38 PM IST
എടത്വ: വ്യത്യസ്ത വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികനും മത്സ്യവില്പ്പനക്കാരനും പരിക്ക്. സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് തലവടി പറവശേരില് രാജേന്ദ്രനും ടിപ്പര്‍ ലോറിയുടെ ടയര്‍ പഞ്ചറായതിനെത്തുടര്ന്നുള്ള വായു മര്‍ദത്തില്‍ കല്ലിന്റെ കഷണം തെറിച്ചു വീണ് മത്സ്യവില്പ്പനക്കാരനുമാണു പരിക്കേറ്റത്.
എടത്വ-തകഴി സംസ്ഥാന പാതയില്‍ ചെക്കിടിക്കാട് മില്‍മാ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10.30ന് തകഴി ഭാഗത്തേക്കു പോകുകയായിരുന്ന കാറും തലവടിയിലേക്കു പോയ സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍നിന്ന് തെറിച്ചുവീണ രാജേന്ദ്രനെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. റോഡിന്റെ മധ്യത്തില്‍ അപകടത്തില്‍പ്പെട്ട് കിടന്ന സ്കൂട്ടറും കാറും അരമണിക്കൂറോളം ഗതാഗതതടസം സൃഷ്ടിച്ചു. പിന്നീട് ഇരുവാഹനങ്ങളും സ്ഥലത്തുനിന്ന് മാറ്റി.
എടത്വ പോലീസ് സ്റ്റേഷനു സമീപം മറ്റൊരപകടത്തില്‍ ടിപ്പര്‍ ലോറിയുടെ ടയര്‍ മെറ്റല്‍ കഷണത്തില്‍ കയറി പഞ്ചറായതിനെത്തുടര്ന്നുള്ള വായു മര്‍ദത്തില്‍ കല്ല് തെറിച്ചുവീണ് ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന് ഗ്ലാസ് തകരുകയും സമീപത്തുനിന്ന മത്സ്യവില്‍പ്പനക്കാരന്റെ കൈയില്‍ പതിച്ച് നേരിയ പരിക്കുണ്ടാക്കുകയും ചെയ്തു. ഇരു സംഭവങ്ങളിലും പോലീസ് മേല്‍ നടപടി സ്വീകരിച്ചു.