അർധരാത്രി ബോട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: ജീവനക്കാരനു പരിക്ക്
1510666
Sunday, February 2, 2025 11:42 PM IST
പൂച്ചാക്കൽ: പെരുമ്പളം ബോട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സൗത്ത് ജെട്ടിയിൽ സ്റ്റേ കിടന്ന ബോട്ടിനു മുകളിൽ കയറിയാണ് മദ്യലഹരിയിൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോട്ട് ജീവനക്കാരനു പരുക്കേറ്റു. കഴിഞ്ഞദിവസം രാത്രി 2.30നാണ് സംഭവം. പെരുമ്പളം-പാണാവള്ളി സർവീസ് കഴിഞ്ഞ് രാത്രി 11ന് ദ്വീപിലെ സൗത്ത് ജെട്ടിയിൽ പാർക്ക് ചെയ്ത എസ് 39-ാം നമ്പർ ബോട്ടിനു മുകളിൽ കയറി യുവാവ് മദ്യലഹരിയിൽ ആത്മഹത്യാഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു.
ബഹളം കേട്ട് ബോട്ടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ജീവനക്കാർ പുറത്തിറങ്ങി. യുവാവിനെ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടയിൽ തൈക്കാട്ടുശേരി സ്വദേശിയായ ഡ്രൈവർ നിജിലി(28)ന് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു. യുവാവിനോടൊപ്പം മറ്റ് രണ്ടു പേർ ജെട്ടിയിലുമുണ്ടായിരുന്നു. പരിക്കേറ്റ ജീവനക്കാരനെ പാണാവള്ളി ജെട്ടിയിൽ എത്തിച്ച് തുറവൂർ താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു. പൂച്ചാക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.