കേന്ദ്ര ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചെന്ന്
1510422
Sunday, February 2, 2025 4:52 AM IST
എടത്വ: കേന്ദ്ര ബജറ്റില്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകരെ അവഗണിച്ചു. നെല്ലിന്റെ താങ്ങുവില 35 രൂപയായി വര്‍ധിപ്പിക്കുക, പ്രധാനമന്ത്രി കിസാന്‍ യോജന പദ്ധതിയിലെ പ്രതിവര്‍ഷ ഗ്രാന്റ് 6000 രൂപയില്‍ നിന്ന് 9000 രൂപയാക്കി ഉയര്‍ത്തുക, വളം, കീടനാശിനി എന്നിവയുടെ സബ്സിഡി വര്‍ധിപ്പിക്കുക, കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സമയബന്ധിതമായി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുക, കര്‍ഷകരുടെ കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍ഷക സംഘടനകള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍, ഇതിലൊന്നും സ്പര്‍ശിക്കാതെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കര്‍ഷകരുടെ വായ്പാപരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കുട്ടനാട്ടിലെ കര്‍ഷകരുടെ വളരെ നാളത്തെ ആവശ്യമായിരുന്നു.
കാര്‍ഷിക മേഖലയിലെ തൊഴില്‍ കൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നെല്ലുവില 28.20 രൂപയില്‍നിന്ന് ഉയര്‍ത്തുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. നെല്ലിന് കിലോയ്ക്ക് 35 രൂപ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിരവധി കര്‍ഷകസംഘടനകള്‍ ഇതിനോടകം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, കര്‍ഷകന്റെ പ്രതീഷയ്ക്ക് വിപരീതമായാണ് കര്‍ഷിക മേഖലയിലെ പ്രഖ്യാപനം വന്നത്. കാര്‍ഷികോത്പന്നങ്ങളുടെ അധികരിച്ച ചെലവും തൊഴില്‍ കൂലിയും താങ്ങാന്‍ കഴിയാതെ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വസിക്കാവുന്ന വകയായിരുന്നില്ല ഇന്നലത്തെ കേന്ദ്ര ബജറ്റ്.
വളം, കീടനാശിനി എന്നിവയുടെ സബ്സിഡി ഉയര്‍ത്തുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. നിലവില്‍ യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയുടെ വിലയ്ക്ക് മാറ്റമില്ലാത്ത അവസ്ഥയാണ്. കീടനാശികള്ക്ക് ഓരോ സീസണിലും കമ്പനികള്‍ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടനാട് പോലെയുള്ള കാര്‍ഷിക മേഖലയില്‍ ഒരു കൃഷിസീസണില് മൂന്നിലേറെ തവണ കീടനാശിനി തളിക്കേണ്ട സ്ഥിതിയാണ്. കൃഷിയുടെ തുടക്കത്തില്‍തന്നെ കളനാശിനി ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകള്‍ മൂന്നിലേറെ തവണ പ്രയോഗിക്കേണ്ടി വരുന്നുണ്ട്. ഇവയുടെ ഇറക്കുമതി തീരുവ കുറച്ച് കര്‍ഷകര്‍ക്കാവശ്യമായ വളം, കീടനാശിനി എന്നിവ സുലഭമായി ലഭ്യമാക്കിയിരുന്നെങ്കില്‍ ഒരു പരിധിവരെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുമായിരുന്നു.
എന്നാല്‍, ഇതൊന്നും ബജറ്റില്‍ പ്രതിപാദിക്കാനോ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ പ്രഖ്യാപനം ഉണ്ടായില്ല. പ്രധാനമന്ത്രി കിസാന്‍ യോജന പദ്ധതിയില്‍ ഗ്രാന്റ് തുക വര്‍ധിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. വിളനാശത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉയര്‍ത്തിയിട്ടില്ല. വിള ഇന്‍ഷ്വറന്‍സിന്റെ പരിരക്ഷ വര്‍ധിപ്പിച്ച് സമയബന്ധിതമായി വിതരണം ചെയ്താല്‍ മാത്രമേ കുട്ടനാട്ടിലെ കാര്‍ഷികരംഗം പച്ചപിടിക്കാന്‍ കഴിയൂ. എന്നാല്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് പിടിച്ചു നില്ക്കാന് പറ്റുന്ന യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല.
കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ പ്രതീക്ഷയോടെ കാതോര്‍ത്ത ബജറ്റില്‍ കാര്‍ഷിക രംഗത്ത് ഇളവുകള്‍ പ്രഖ്യാപിക്കാത്തതും പുതിയ പ്രഖ്യാപനം ഇല്ലാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.