ഓരുജലം കയറി കൃഷി നശിച്ച പാടം സന്ദർശിച്ചു
1510839
Monday, February 3, 2025 11:38 PM IST
അന്പലപ്പുഴ: ഓരുജലം കയറി കൃഷി നശിച്ച പാടം എംഎൽഎ സന്ദർശിച്ചു. പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി നാലുചിറ വടക്ക് പാടശേഖരമാണ് എച്ച്. സലാം എംഎൽഎ സന്ദർശിച്ചത്. 140 ഏക്കർ വരുന്ന പാടത്ത് 61 ചെറുകിട കർഷകരാണുള്ളത്. പുഞ്ചകൃഷിയും രണ്ടാം കൃഷിയും സ്ഥിരമായി നടത്തിവന്ന ഇവിടെ ഇത്തവണ ഏക്കറിന് 30,000 രൂപ വരെ ചെലവഴിച്ചാണ് കൃഷിയിറക്കിയത്.
ഏക്കർ ഒന്നിന് രണ്ടര ക്വിന്റൽ വരെ നെല്ല് കിട്ടിയിരുന്ന പാടത്ത് ഓരുവെള്ളം കയറിയതോടെ ഇത്തവണ അര ക്വിന്റൽതന്നെ കഷ്ടിച്ചാണ് ലഭിച്ചതെന്നും യഥാസമയം ഓരുമുട്ട് സ്ഥാപിച്ചിരുന്നെങ്കിൽ ഉപ്പുവെള്ളം കയറാതെ കൃഷി നശിക്കില്ലായിരുന്നുവെന്നും കർഷകർ പറഞ്ഞു.
കൊയ്ത്തിനു പാകമായ പാടത്ത് രണ്ടാഴ്ചകൾക്കു മുമ്പാണ് ഉപ്പുവെള്ളം കയറിയത്. ഇതോടെ നെൽച്ചെടികൾ കരിഞ്ഞുണങ്ങിയതാണ് നെല്ലിനു തൂക്കം കുറയാൻ കാരണമായത്. കരിഞ്ഞുണങ്ങിയ പാടത്ത് 70 ഏക്കറിലധികം കർഷകർ കൊയ്യാതെ ഉപേക്ഷിച്ചു. കൊയ്ത്ത് യന്ത്രത്തിന്റെ വാടകകൂടി നഷ്ടമാകേണ്ട എന്നതിനാലാണ് കൊയ്ത്ത് ഉപേക്ഷിച്ചത്. കൃഷി നശിച്ചതിനെത്തുടർന്ന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. പാടശേഖരസമിതി പ്രസിഡന്റ് പി. സുരേന്ദ്രൻ, സിപിഎം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. സോമൻ, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. രജിമോൻ, സംഘം ഏരിയ പ്രസിഡന്റ് അഡ്വ. വി.എസ്. ജിനു രാജ് എന്നിവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.