പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്: പൂച്ചാക്കലിൽ കബളിപ്പിക്കപ്പെട്ടവർ 250
1510843
Monday, February 3, 2025 11:38 PM IST
പൂച്ചാക്കൽ: സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന പേരിൽ സംസ്ഥാന തലത്തിൽ നടന്ന തട്ടിപ്പിൽ പൂച്ചാക്കലിൽ 250 പേർ തട്ടിപ്പിനിരയായെന്ന് പോലീസിന് പ്രാഥമിക വിവരം. വിവിധ കമ്പനികളുടെ സാമൂഹിക സുരക്ഷാ ഫണ്ട്, ക്രൗഡ് ഫണ്ട്, മാർക്കറ്റിംഗ് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പദ്ധതിയെന്നായിരുന്നു പ്രചാരണം.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടി ജീവനക്കാർ, ആശാ വർക്കർ, കുടുംബശ്രീകൾ തുടങ്ങിയവരാണ് കൂടുതലും തട്ടിപ്പിനിരയായത്.
56,000 രൂപ മുതൽ 60,000 രൂപ വരെയാണ് തട്ടിപ്പ് സംഘം സമാഹരിച്ചത്. ഒന്നരക്കോടിക്ക് മുകളിൽ സമാഹരിച്ചതായാണ് പ്രാഥമിക കണക്കുകളിൽനിന്നു ലഭിക്കുന്ന വിവരം. 2024 മേയ് മാസത്തിലാണ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി വനിത സംഘത്തിന്റെ പേരിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിൽ വനിത സംഗമം നടത്തി പദ്ധതി അവതരിപ്പിച്ചത്.
പങ്കെടുത്തവർക്ക് വാങ്ങുന്ന വാഹനങ്ങളുടെ ബ്രോഷർ നൽകിയിരുന്നു. ഇതിനോടൊപ്പം 50 ശതമാനം സാമ്പത്തിക സഹായത്തോടെ ഡ്രൈവിംഗ് പരിശീലനവും വാഗ്ദാനം ചെയ്തിരുന്നു. തട്ടിപ്പിനിരയായവർ ഇന്നലെ പൂച്ചാക്കൽ പോലിസ് സ്റ്റേഷനിൽ തടിച്ചുകൂടുകയും ഓരോരുത്തർ പരാതി നൽകുകയും ചെയ്തു.