ഹരിതകർമ സേനാംഗത്തിന് ജോലിക്കിടെ പാമ്പുകടിയേറ്റു
1510833
Monday, February 3, 2025 11:38 PM IST
ചെങ്ങന്നൂർ: ജോലിക്കിടയിൽ നഗരസഭ ഹരിതകർമ സേനാംഗത്തിന് പാമ്പുകടിയേറ്റു. ചെങ്ങന്നൂർ തിട്ടമേൽ തോട്ടത്തിൽ പി.ജി. വത്സല(50)യ്ക്കാണ് പാമ്പു കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള പെരുങ്കുളം പാടത്ത് ഹരിതകർമസേന എംസിഎഫിൽ ശേഖരിച്ച പ്ലാസ്റ്റിക്കുകൾ വേർതിരിക്കുന്നതിനിടയിൽ ചാക്കുകൾക്കിടയിൽ ഉണ്ടായിരുന്ന പാമ്പ് വത്സലയുടെ വലതുകൈത്തണ്ടയിൽ കടിക്കുകയായിരുന്നു. ഉടൻതന്നെ വത്സലയെ സമീപത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അവിടെനിന്നും വിദഗ്ധ ചികിത്സയ്ക്കായി നഗരസഭാ ആംബുലൻസിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 24 മണിക്കൂർ നിരീക്ഷണത്തിന്റെ ഭാഗമായി വത്സലയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.