കുട്ടനാട്ടില്‍ നിരവധി വനിതകള്‍ തട്ടിപ്പിനിരയായി
1511111
Tuesday, February 4, 2025 11:52 PM IST
എടത്വ: കുട്ടനാട്ടില്‍നിന്ന് നിരവധി വനിതകള്‍ തട്ടിപ്പിനിരയായി. ഒരു വീട്ടില്‍നിന്ന് ഒന്നിലധികം സ്കൂട്ടറിന് പണം അടച്ചവരുമുണ്ട്. വനിതകള്‍ക്ക് പകുതി വിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്ന പേരില്‍ സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയ സംഘത്തില്‍ കുട്ടനാട്ടിലെ സ്ത്രീകളും ഉള്‍പ്പെട്ടു. 56,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് സ്ത്രീകളില്‍നിന്ന് സംഘങ്ങള്‍ തട്ടിയെടുത്തത്. അമ്പലപ്പുഴ, ഹരിപ്പാട് കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളിലാണ് ക്യാമ്പ് നടത്തി പണസമാഹരണം നടത്തിയത്. കുട്ടനാട്ടില്‍നിന്ന് ആയിരത്തിലേറെ വനിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
വിവിധ കമ്പനികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. സീഡ് സൊസൈറ്റി കോ-ഓർഡിനേറ്റര്‍മാരാണ് ഗ്രാമീണ മേഖലകളില്‍നിന്ന് വനിതകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പണം നഷ്ടപ്പെട്ടവര്‍ പരാതി നല്കാന് തയാറാകാത്തത് അന്വഷണത്തെ ബാധിക്കുന്നുണ്ട്.
പണം തിരികെ നല്‍കുമെന്ന് ഫോണ്‍ സന്ദേശം ലഭിച്ചതാണ് പലരും പരാതിപ്പെടാത്തത്. തലവടി പ്രാദേശം കേന്ദ്രീകരിച്ച് എണ്‍പതോളം വനിതകളാണ് പദ്ധതിയില്‍ പണം അടച്ചത്.
എടത്വ, തകഴി, വീയപുരം, മുട്ടാര്‍, ചമ്പക്കുളം, അമ്പലപ്പുഴ തുടങ്ങി കുട്ടനാട് താലൂക്കിലെ ഒട്ടുമിക്ക പഞ്ചായത്തില്‍നിന്നും നൂറുകണക്കിന് വനിതകളാണ് പണം അടച്ച് സ്കൂട്ടറിനായി കാത്തിരിക്കുന്നത്.
ചേര്‍ത്തല താലൂക്കില്‍
ഏഴു കേസുകൾ
ചേര്‍ത്തല: താലൂക്കിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകള്‍. പട്ടണക്കാട് ബ്ലോക്കിലെ പഞ്ചായത്തുകളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച ആറു വനിതകളാണ് ചേര്‍ത്തല എഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്. ഇവരെ മുന്‍നിര്‍ത്തിയാണ് തട്ടിപ്പുസംഘം സീഡ് സൊസൈറ്റികള്‍ രൂപീകരിച്ച് സ്ത്രീകളെ അംഗങ്ങളായി ഉള്‍പ്പെടുത്തുകയും പിന്നീട് ബാങ്കുവഴി സ്കൂട്ടറിനായി പണമടപ്പിക്കുകയും ചെയ്തത്.
ഇവരുടെയും വിവരങ്ങളും ഇടപാടുകളുമെല്ലാം പോലീസ് പരിശോധിക്കുന്നതിനിടയിലാണ് തങ്ങളെയും കബിളിപ്പിച്ചതായി കാട്ടി ഇവരും പരാതി നല്‍കിയത്. 10 കോടിയോളം രൂപ സമാഹരിച്ചതായാണ് പ്രാഥമിക വിവരം.