രാജ്യാന്തര പുസ്തകോത്സവം ആരംഭിച്ചു
1510837
Monday, February 3, 2025 11:38 PM IST
മാവേലിക്കര: സംഘടനാ നേതാക്കളെ വാര്‍ത്തെടുക്കാന്‍ കേഡര്‍ പാര്‍ട്ടികള്‍ക്ക് കഴിയുമെങ്കിലും പൊതുനേതാക്കളെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മാവേലിക്കര രാജ്യാന്തര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുനേതാക്കളെ വാര്ത്തെടുക്കുന്നതു കുറവായിട്ടുള്ള സംസ്ഥാനമായി കേരളത്തെ കാണുന്നു. ഇതു പാര്‍ട്ടികള്‍ ചിന്തിക്കണം. എന്റേത് മാത്രം ശരിയെന്ന് പറയുന്ന മതവും രാഷ്ട്രീയവും അല്ല വേണ്ടത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ശത്രു എന്ന വാക്ക് ഇല്ല. വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്.
രാജ്യത്ത് വായനാശീലം കൂടുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വായനാശീലം കൊണ്ടുമാത്രമേ ഭാഷയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. എഴുത്തും വായനയും നമ്മെ മുന്നോട്ടു നയിക്കും. അസാധ്യമായത് ഒന്നുമില്ലെന്ന് ഇതിലൂടെ ബോധ്യമാകും. ഇതിന് പുസ്തകോത്സവങ്ങള്‍ സഹായകരമാകും. കവിതകള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍നിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു. പുതിയ എഴുത്തുകാര്‍ ഉയര്‍ന്നുവരുന്നില്ല. അതിനാല്‍ പുതുതലമുറയെ വായനയിലേക്കു നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകോത്സവ സമിതി ചെയര്മാന് മുരളീധരന് തഴക്കര അധ്യക്ഷത വഹിച്ചു. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ, ട്രഷറര്‍ അനില്‍ വിളയില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ രാജന് മനസ്, എച്ച്. മേഘനാഥ്, സാഹിത്യകാരി ഡോ. ഷീന. ജി, പുസ്തകോത്സവസമിതി ജോ. കണ്‍വീനര്‍ പി.എസ്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പുസ്തകോത്സവം ഒൻപതിന് സമാപിക്കും.