മെറ്റല്‍ മിക്സ്ചര്‍ പ്ലാന്റ്: പ്രദേശവാസികള്‍ ദുരിതത്തില്‍
1510836
Monday, February 3, 2025 11:38 PM IST
പൂച്ചാക്കല്‍: ദേശീയപാതയിലെ ഉയരപ്പാത നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ നിര്‍മിക്കുന്ന മിക്സര്‍ പ്ലാന്റില്‍നിന്ന് ഉയരുന്ന മെറ്റല്‍ പൊടിയുടെ ശല്യം രൂക്ഷം. ഇതുമൂലം ശ്വാസകോശ രോഗങ്ങളും കണ്ണിനുണ്ടാകുന്ന രോഗങ്ങളും കാരണം പ്രദേശവാസികള്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്.
തൈക്കാട്ടുശേരി പഞ്ചായത്തിലെ എംഎല്‍എ റോഡില്‍ മണിയാത്യക്കല് വടക്കുഭാഗത്തായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്.
രാവിലെ ഉയരുന്ന പൊടി രാത്രി സമയത്തും ഉണ്ടാകുന്നുണ്ട്. റോഡ് നിര്‍മാണ സാധനങ്ങള്‍ കയറ്റിയ ലോറി പോകുമ്പോഴാണ് കൂടുതല്‍ പൊടി ഉണ്ടാകുന്നത്. പ്രദേശത്തെ വൃക്ഷങ്ങളുടെ ഇലകളില്‍ പൊടി പറ്റിയിരിക്കുന്നതിനാല്‍ ഇലകളുടെ കളര്‍ തന്നെ മാറിയിരിക്കുകയാണ്.
പ്ലാന്റില്‍നിന്ന് ഉയരുന്ന പൊടിമൂലം വിദ്യാര്‍ഥിയുടെ കണ്ണിന്റെ കാഴ്ചശക്തികുറഞ്ഞതായി വീട്ടമ്മ പറയുന്നു.
പ്ലാന്റിനു സമീപം താമസിക്കുന്ന തൈക്കൂട്ടത്തില്‍ റോസിയുടെ ചെറുമകന് ആറുവയസുള്ള ജോഷ്വായുടെ കണ്ണുകള്‍ക്ക് പൊടി അലര്‍ജി കാരണം കാഴ്ചശക്തി കുറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. കൂടാതെ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ചുമ, ജലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ആസ്ത്മ രോഗികളും വലിയ ഭീഷണി നേരിടുകയാണ്.
വീടുകള്‍ക്കു പുറമേ, നിരവധി വ്യാപാര സ്ഥാപനങ്ങള്‍, കെട്ടിട സമുച്ചയങ്ങള്‍, എല്‍പി സ്കൂള്‍ എന്നിവയും പ്രദേശത്തുണ്ട്. ജനസാന്ദ്രത കുറഞ്ഞ പല മേഖലകള്‍ ഉണ്ടായിട്ടും സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന നടപടികള്‍ കരാറുകാര്‍ ഒഴിവാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
റോഡ് നനയ്ക്കുന്നത് പേരിനു മാത്രം
പൊടിപടരുന്നത് തടയുന്നതിനായി റോഡില്‍ വെള്ളം ഒഴിക്കുന്നത് പേരിനു മാത്രം. ദിവസം നാലുനേരമെങ്കിലും വെള്ളമൊഴിച്ചാല്‍ കുറച്ചെങ്കിലും പൊടിക്ക് ശമനമുണ്ടാകും. എന്നാല്‍, പേരിനുമാത്രം ഒരുതവണ വെള്ളം തളിക്കുക മാത്രമാണ് നിര്‍മാണ കമ്പനി അധികൃതര്‍ ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.