അരൂക്കുറ്റി-എറണാകുളം ബോട്ട് സര്‍വീസിന് അനുമതി
1511116
Tuesday, February 4, 2025 11:52 PM IST
ആലപ്പുഴ: അരൂര്‍, അരൂക്കുറ്റി മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ആശ്വാസമായി എറണാകുളം ജെട്ടിയില്‍നിന്ന് അരൂക്കുറ്റിയെ ബന്ധിപ്പിച്ച് ദീര്‍ഘദൂര ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ അനുമതി ലഭിച്ചതായി ദലീമ ജോജോ എംഎല്‍എ അറിയിച്ചു.
അരൂക്കുറ്റി, പാണാവള്ളി നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു മുടങ്ങിപ്പോയ എറണാകുളം ബോട്ട് സര്‍വീസ്. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ എറണാകുളം മേഖലയിലേക്ക് ജോലി സംബന്ധമായും മറ്റ് ആവശ്യങ്ങള്‍ക്കും ദിനവും യാത്ര ചെയ്യുന്നവര്‍ക്ക് ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോഴുള്ള സമയനഷ്ടം കുറയ്ക്കാനാകും.
എറണാകുളം ജെട്ടിയില്‍ നിന്നും തേവര, കുമ്പളം വഴി അരൂക്കുറ്റിയിലേക്ക് സംസ്ഥാന ജല ഗതാഗതവകുപ്പിന്റെ പുതിയ ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തില്‍ രാവിലെയും വൈകിട്ടുമാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ലാഭകരമായാല്‍ തുടര്‍ന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.
ബോട്ട് സര്‍വീസിന് അനുമതി ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് പാണാവള്ളി, അരൂക്കുറ്റി മേഖലയിലെ യാത്രക്കാര്‍. ദേശീയപാതയുടെ നിര്‍മാണജോലികള്‍ നടക്കുന്നതിനാല്‍ തൊട്ടടുത്ത ജില്ലയാണെങ്കിലും എറണാകുളം വരെ പോയി വരണമെങ്കില്‍ മണിക്കൂറുകള്‍ ചെലവാക്കേണ്ടിവരുന്ന അരൂര്‍ നിവാസികള്‍ക്കും ബോട്ട് സര്‍വീസ് വലിയ ആശ്വാസമാകും.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ അടിയന്തര സബ്മിഷന് അവതരിപ്പിച്ചതിനെത്തുടര്ന്ന് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അനുകൂല തീരുമാനം ഉണ്ടായത്.