കുട്ടനാട്ടിൽ നിയമവിരുദ്ധ മത്സ്യബന്ധനം തുടർക്കഥ; പൊറുതിമുട്ടി നാട്ടുകാർ
1510844
Monday, February 3, 2025 11:38 PM IST
മങ്കൊമ്പ്: നിയമവിരുദ്ധ മത്സ്യബന്ധനങ്ങൾ തുടർക്കഥയാകുന്നത് കുട്ടനാട്ടിലെ ജനങ്ങളുടെ സൈ്വരജീവിതം കെടുത്തുന്നു. അടക്കംകൊല്ലി വല, ജലാശയങ്ങളിൽ വിഷം കലർത്തിയുള്ള മീൻപിടിത്തം തുടങ്ങിയവയായിരുന്നു സാധാരണമെങ്കിൽ ഇപ്പോൾ വൈദ്യുതി ഉപയോഗിച്ചുള്ള മീൻപിടിത്തവും കുട്ടനാട്ടിൽ സജീവമായിരിക്കുകയാണ്.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന രാത്രികാല പരിശോധനയിൽ വൈദ്യുതി ഉപയോഗിച്ചുള്ള മീൻപിടിത്തം പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ കിടങ്ങറയിൽനിന്നാണ് വൈദ്യുതാഘാതമേൽപ്പിച്ചള്ള നിരോധിത മത്സ്യബന്ധനം പിടികൂടിയത്. കിടങ്ങറ ഒന്നാം പാലത്തിനു സമീപമാണ് അനധികൃത മത്സ്യബന്ധനം കണ്ടെത്തിയത്.
വിഷം കലക്കി
അപകടകരമായ രീതിയിലാണ് മത്സ്യബന്ധനം നടത്തിയിരുന്നയാൾ പട്രോളിംഗ് സംഘത്തെക്കണ്ട് തൊട്ടടുത്ത പാടശേഖരത്തിലേക്ക് ചാടി രക്ഷപ്പെട്ടു. എന്നാൽ, ഇയാളുടെ വള്ളവും വൈദ്യുതി പ്രവഹിപ്പിക്കാനുള്ള അനധികൃത ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതിനുപുറമേ പുലർച്ചെ രണ്ടോടെ ചക്കുളത്തുകാവിൽനിന്നും വിഷം കലക്കിയുള്ള മത്സ്യബന്ധനവും പിടികൂടി. പട്രോളിംഗിന് മാന്നാർ ഫിഷറീസ് സബ്ബ് ഇൻസ്പെക്ടർ എം. ദീപു, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ ഷോൺ ഷാം, അരുൺദാസ്, ആശിഷ് എന്നിവർ നേതൃത്വം നൽകി.
വൈദ്യുതി ഉപയോഗിച്ചുള്ള മത്സ്യബന്ധനം മൂലം നിരവധി മരണങ്ങൾ കുട്ടനാട്ടിൽ നടന്നിട്ടുണ്ട്. എന്നാൽ, പലപ്പോഴും ഇത്തരം മരണങ്ങൾ മറ്റേതെങ്കിലും വിധത്തിലായിരിക്കും റിപ്പോർട്ടു ചെയ്യപ്പെടുന്നത്.
ദുരിതങ്ങൾ നിരവധി
കർശന പരിശോധനകൾ കൊണ്ടു മാത്രമേ ഇത്തരം നടപടികൾ നിയന്ത്രിക്കാനാകുകയുള്ളൂ. ഇത്തരം സംഭങ്ങൾ മൂലം സാധാരണ ജനങ്ങൾക്കും അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ജലാശയങ്ങളിൽ വിഷം കലർത്തിയുള്ള മീൻ പിടിത്തങ്ങൾ നാട്ടുകാർക്കുണ്ടാക്കുന്ന ദുരിതങ്ങൾ നിരവധിയാണ്. നിത്യവും ഉപയോഗിക്കുന്ന ജലാശയങ്ങളിലെ വെള്ളം മലിനമാകുന്നതിനുപുറമെ, വെള്ളത്തിൽ കുളിക്കുന്നവർക്കടക്കം ത്വക്ക് രോഗങ്ങൾ അനുഭവപ്പെടുന്നതും പതിവാണ്.
കാവാലം പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിലായി അടക്കംകൊല്ലി വലകളുപയോഗിച്ചുള്ള മീൻപിടുത്തവും വ്യാപകമാണ്. ചെറുമീനുകളടക്കെ നശിക്കുന്നതിനാൽ കുട്ടനാട്ടിലെ മൽസ്യ സമ്പത്തിനും ഇതു വൻഭീഷണിയാണ്.
രാത്രികാലങ്ങളിലാണ് ഇത്തരം മീൻപിടിത്തങ്ങൾ അധികവും നടക്കുന്നത്. ഈ പ്രദേശങ്ങളിൽ ഫിഷറീസ് സംഘങ്ങളുടെ പരിശോധന കൂടുതൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.