പൊഴിയടയ്ക്കാൻ ഇറിഗേഷൻ വകുപ്പ്; അഴിമതിയാരോപണവുമായി കർഷകർ
1510530
Sunday, February 2, 2025 6:54 AM IST
അമ്പലപ്പുഴ: പാടശേഖരങ്ങളിൽ ഉപ്പുവെള്ള ഭീഷണിയെന്ന പേരിൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പൊഴിയടയ്ക്കുന്നു. അഴിമതിയാരോപണവുമായി കർഷകർ രംഗത്ത്. തോട്ടപ്പള്ളി സ്പിൽവേക്ക് പടിഞ്ഞാറ് പൊഴിമുഖമാണ് രണ്ട് ജെസിബി ഉപയോഗിച്ച് അടയ്ക്കാൻ തുടങ്ങിയത്.
സ്പിൽവേയിൽ ആകെയുള്ള 41 ഷട്ടറുകളും അടച്ചിട്ടിരിക്കുകയാണ്. തകരാറിലായ ഒരു ഷട്ടറിലൂടെ നാമമാത്രമായ വെള്ളം മാത്രമാണ് വേലിയേറ്റ സമയത്ത് കായലിൽ കടക്കുന്നത്. നിലവിൽ തണ്ണീർമുക്കം, കായംകുളം പൊഴി എന്നിവിടങ്ങളിലൂടെയാണ് കുട്ടനാടൻ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം വ്യാപകമായി കലർന്നിരിക്കുന്നത്.
രണ്ടു ദിവസം മുൻപുതന്നെ തോട്ടപ്പളളിയിൽ പ്രകൃതിദത്തമായ രീതിയിൽ പൊഴിയടഞ്ഞിരുന്നു. ഒരു നേരിയ ചാൽ മാത്രമാണ് ഇവിടെയുള്ളത്.
എന്നാൽ, ശക്തമായി ഉപ്പുവെള്ളം കയറുന്നു എന്ന പേരിൽ കഴിഞ്ഞ രാത്രി മുതൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് ജെസിബി ഉപയോഗിച്ച് പൊഴിയടയ്ക്കുകയാണ്. ഉപ്പുവെള്ള ഭീഷണിയുടെ പേരിൽ അടഞ്ഞ പൊഴി വീണ്ടുമടച്ച് ഇറിഗേഷൻ വകുപ്പ് അഴിമതി നടത്തുകയാണെന്നാണ് കർഷകരുടെ ആരോപണം. വെറും പ്രഹസനമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇവർ ആരോപിച്ചു.