ഓരുവെള്ളം: കര്‍ഷകര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
1510840
Monday, February 3, 2025 11:38 PM IST
ആലപ്പുഴ: ഓരുവെള്ളം മൂലം നെല്‍കൃഷി നശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഐക്യ കുട്ടനാട് പാടശേഖര ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ആലപ്പുഴ, അമ്പലപ്പുഴ, പുന്നപ്ര, നെടുമുടി, ചമ്പക്കുളം, കൈനകരി കൃഷി ഭവനിലെ കര്‍ഷകര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു. ഓരുവെള്ളത്തിന്റെ അളവ് നിയന്ത്രിക്കാന്‍ മണിയാര്‍ ഡാം തുറന്നുവിടണം, ഐആര്‍സി തീരുമാനപ്രകാരം കൂലി വര്‍ധന വന്ന സാഹചര്യത്തിൽ നെല്ലിന്റെ വില വര്‍ധിപ്പിക്കണം, ഓരുമുട്ടുകള്‍ അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണം, ഓരുവെള്ള മൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
സമിതി പ്രസിഡന്റ് കെ.വി. ഷാജി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കര്ഷകന് ഡി. ധ്യാനസുതന് ഉദ്ഘാടനം ചെയ്തു. സമിതി നേതാക്കളായ സി.സുനില്‍കുമാര്‍, അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി സിജിമോന് ചാക്കോ, എം. രാജകുമാര്‍, പി.വി വേണുക്കുട്ടന്‍, ഡി. സതീശന്, സി. സുമേഷ്, എം. കെ. വര്‍ഗീസ്, സി.ആര്. സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.