മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക് നിര്‍മാണം പൂര്‍ത്തിയാക്കണം: ചമ്പക്കുളം വികസനസമിതി
1511118
Tuesday, February 4, 2025 11:52 PM IST
ആലപ്പുഴ: മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക്കിന്റെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ചമ്പക്കുളം വികസനസമിതി. സമിതി പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മങ്കൊമ്പ് തെക്കേകരയില്‍ സ്ഥിതി ചെയ്യുന്ന വെറ്ററിനറി പോളി ക്ലിനിക്കിന്റെ നിലവിലുണ്ടായിരുന്ന കെട്ടിടം നവീകരിക്കുന്നതിനുവേണ്ടി 2018 ല്‍ 43 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി, തുക ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിനു കൈമാറിയിരുന്നു.
പിന്നീട്, വെള്ളപ്പൊക്കത്തെയും അതിജീവിക്കുന്നതരത്തില് കെട്ടിടം നിര്‍മിക്കുന്നതിന് അനുവദിച്ച തുകയ്ക്കുള്ള എസ്റ്റിമേറ്റ് പുതുക്കിനിശ്ചയിക്കുകയും കരാര്‍ പ്രകാരമുള്ള നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. അവസാനവട്ട ജോലികള്‍ ചെയ്യുന്നതിന് 2022-23ല്‍ 15 ലക്ഷം രൂപയും 2023-24ല്‍ 20 ലക്ഷം രൂപയും വകയിരുത്തിയെങ്കിലും കെട്ടിട നിര്‍മാണം ഇതുവരെയും പൂര്‍ത്തിയായില്ല.
2018 മുതല്‍ വാടകകെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രതിമാസം 8000 രൂപ വാടകനിരക്കില്‍ രണ്ടാം നിലയിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
സീനിയര്‍ വെറ്ററിനറി സര്ജന് ഉള്‍പ്പെടെ എട്ടു ജീവനക്കാര്‍ക്ക് ജോലി ചയ്യുന്നതിനും ലാബ് പ്രവര്‍ത്തിക്കുന്നതിനുമുള്ള സൗകര്യം ഇല്ലെന്ന് മാത്രമല്ല അസുഖം ബാധിച്ചുകൊണ്ടുവരുന്ന കന്നുകാലികള്‍ക്ക് ഡ്രിപ്പ് കൊടുക്കുന്നതിനും മറ്റും കഴിയുന്നില്ല. അതിനാല്‍ അടിയന്തരമായി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തില്‍ വെറ്ററിനറി പോളിക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ചമ്പക്കുളം വികസന സമിതി ആവശ്യപ്പെട്ടു.
സമിതി യോഗത്തില്‍ പ്രഡിഡന്റ് ഡി. തങ്കച്ചന് അധ്യക്ഷനായി. സെക്രട്ടറി അഗസ്റ്റിന് ജോസ് പ്രമേയം അവതരിപ്പിച്ചു. കെ. കെ. ശശിധരന്, രാജു കോലപ്പള്ളി, എ.എസ്. സിന്ധുമോള്‍, കെ. മുരളി, ബി. ഹരികുമാര്‍, സാബു ഗ്രിഗറി എന്നിവര്‍ പ്രസംഗിച്ചു.