ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ്-2025: കാൽനാട്ടുകർമം നടത്തി
1511115
Tuesday, February 4, 2025 11:52 PM IST
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിക്കുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെയും ഭദ്രാസനവികസന പ്രവർത്തനങ്ങളുടെയും ധനശേഖരണാർഥം നടത്തപ്പെടുന്ന ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റിന്റെ കാൽനാട്ടുകർമം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.പി.കെ. കോശി അധ്യക്ഷത വഹിച്ചു. 26ന് രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ ബഥേൽ അരമന ഗ്രൗണ്ടിലാണ് ഫെസ്റ്റ്. വിശുദ്ധകുർബാനയോടു കൂടി ആരംഭിക്കുന്ന ഫെസ്റ്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭാ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ, മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്സൺ അഡ്വ. ശോഭാ വർഗീസ് തുടങ്ങിയവർ വിവിധ സമയങ്ങളിൽ ഫെസ്റ്റിൽ പങ്കെടുക്കും. പ്രശസ്ത കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ വിവിധ സമയങ്ങളിലായി ഫെസ്റ്റ് നഗരിയിൽ അരങ്ങേറും.