ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയം പുനർനിര്‍മാണത്തിനായി 32 കോടി രൂപ
1510655
Sunday, February 2, 2025 11:42 PM IST
ചെങ്ങന്നൂര്‍: ജില്ലാ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മാണത്തിനായി 33 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കായിക മാമാങ്കത്തിനായി തുറന്നുകൊടുക്കുമെന്നും മന്ത്രി സജി ചെറിയാന്. ദേശീയ സരസ് മേളയുടെ സമാപനസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
14ന് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ നടക്കും. 65 ശതമാനം പണികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. നിര്‍മാണത്തിനു മുന്‍പായി ഏപ്രില്‍ 11 മുതല്‍ 18 വരെ സംസ്ഥാന തലത്തിലുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഒരുദിവസം വനിത ടീമുകളുടെ മത്സരമായിരിക്കും നടക്കുക.
എട്ടു ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 11 പേര്‍ക്ക് കളിക്കാവുന്ന ഫുട്ബോള്‍ ഗ്രൗണ്ട്, ലോങ് ജംപ്, ട്രിപ്പിള്‍ ജംപ് പിറ്റുകള്‍, ഒളിമ്പിക്സ് നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂള്, മേപ്പിള്‍ വുഡ് പാകിയ ഇന്‍ഡോര്‍ സ്റ്റേഡിയം, ഹോക്കി കോര്‍ട്ട്, ഔട്ട് ഡോര്‍ കോര്‍ട്ട്, ജിംനേഷ്യം, കളിക്കാര്‍ക്കുള്ള മുറികള്‍, ഗസ്റ്റ് റൂമുകള്‍, ഹോസ്റ്റലുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തയിരിക്കുന്നത്.
മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വീണ്ടും ചെങ്ങന്നൂര്‍ സ്റ്റേഡിയം സ്പനങ്ങള്‍ക്ക് ചിറകുമുളയ്ക്കുകയാണ്. ചില സാങ്കേതികകാരണങ്ങളാല്‍ പാതിവഴിയില്‍ നിര്‍മാണം മുടങ്ങിയ നിലയിലാണ് സ്റ്റേഡിയത്തിന്റെ സ്ഥിതിയിപ്പോള്‍. നഗരമധ്യത്തെ പെരുങ്കുളം പാടത്ത് ചെങ്ങന്നൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 20 ഏക്കര്‍ ഭൂമിയില്‍ 49 കോടി രൂപ കിഫ്ബി ഫണ്ടില്‍നിന്നു വകയിരുത്തി 2018ലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടി സ്റ്റേഡിയം നിര്‍മാണം ആരംഭിച്ചത്. 65 ശതമാനത്തോളം നിര്‍മാണവും പൂര്‍ത്തിയാക്കിയിരുന്നു. പിന്നീടാണ് പണി അനിശ്ചിതാവസ്ഥയിലായത്.