ഡാമുകൾ തുറന്ന് ഓരുവെള്ളം നിയന്ത്രിക്കണം: കുട്ടനാട് വികസനസമിതി
1510657
Sunday, February 2, 2025 11:42 PM IST
മങ്കൊമ്പ്: കുട്ടനാട്ടിലെ നെൽകൃഷിയെ ദോഷമായി ബാധിക്കുന്ന ഉപ്പുവെള്ളത്തെ പ്രതിരോധിക്കാൻ നിയന്ത്രിത അളവിൽ ഡാമുകളിൽനിന്ന് വെള്ളം ഒഴുക്കി കുട്ടനാട്ടിലെ നദികളിലേയും ജലാശയങ്ങളിലേയും ഉപ്പുവെള്ളത്തിന്റെ കാഠിന്യം നിയന്ത്രിക്കണമെന്ന് കുട്ടനാട് താലൂക്ക് വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഓരുവെള്ളം നിയന്ത്രിച്ചു കുട്ടനാട്ടിലെ നെൽകൃഷിയെ സംരക്ഷിക്കാൻ വേണ്ട അടിയന്തര നടപടി ഉണ്ടാവണമെന്ന് വി.കെ സേവ്യർ അവതാരകനും സാബു തോട്ടുങ്കൽ അനുവാദകനുമായി അവതരിപ്പിച്ച പ്രമേയം പാസാക്കി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ജില്ലയ്ക്കു പുറത്തുനിന്നും നിരവധി ജീവനക്കാരാണ് കുട്ടനാട് മിനി സിവിൽ സ്റ്റേഷനിൽ ജോലിക്കായി എത്തുന്നത്. ഇവർക്ക് യഥാസമയം ജോലിക്ക് എത്തുന്നതിനും തിരികെ പോകുന്നതിനുമായി ആലപ്പുഴ ചേർത്തല എന്നി സ്ഥലങ്ങളിൽനിന്ന് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ഭൂമിയുടെ ഡാറ്റാ ബാങ്കിൽനിന്നും ഒഴിവാക്കൽ, തരംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുവേണ്ട നടപടികൾ ബന്ധപ്പെട്ട കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരുടെ ഭാഗത്തുനിന്ന് കൂടുതൽ ജനകീയ ഇടപെടലുകൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന രാമങ്കരി, ചമ്പക്കുളം കൃഷി അസി. ഡയറക്ടർമാർ യോഗത്തിൽ എത്താതിരുന്നതിലും യോഗം അതൃപ്തി രേഖപ്പെടുത്തി.
പുഞ്ചകൃഷി വിളവെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കൊയ്ത്ത് യന്ത്രം, നെല്ല് സംഭരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കുട്ടനാടൻ കാർഷിക മേഖലയിൽ കൂലിയും വിത്ത്, വളം കീടനാശിനി എന്നിവ കൂടിയ സാഹചര്യത്തിൽ നെല്ലു വില വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.