ആര്‍ഒ പ്ലാന്റ് ഉള്‍പ്പെടെ കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷന് ചെയ്യണം: ജില്ലാ കളക്ടര്‍
1511122
Tuesday, February 4, 2025 11:52 PM IST
ആലപ്പുഴ: ജില്ലയിലെ ജല അഥോ റിറ്റിയുടെ ആര്‍ഒ പ്ലാന്റ് ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷന് ചെയ്യണമെന്നും കുഴല്‍ക്കിണറുകളില്‍നിന്നു ലഭിക്കുന്ന ജലത്തിന്റെ ഗുണനിലവാരം എല്ലാ മാസവും കൃത്യമായി പരിശോധന നടത്തി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശം നല്കി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വിവിധവകുപ്പുകളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
വെള്ളത്തില്‍ ജോലി ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കുന്നണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണം.
ജലജന്യ, ജന്തുജന്യ രോഗങ്ങള്‍, പക്ഷിപ്പനി മുതലായവ തടയുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി വിപുലമായ ബോധവത്കരണ ക്ലാസുകള്‍ നടത്തും. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ആര്‍ഒ പ്ലാന്റില്‍നിന്നും ശേഖരിക്കുന്ന വെള്ളമുള്‍പ്പെടെ തിളപ്പിച്ചാറ്റിയതിനുശേഷം മാത്രമേ കുടിക്കാനായി നല്കാവു എന്നും നിര്‍ദേശിച്ചിട്ടുണ്ട്. ടാപ്പുകളുടെ സമീപത്തും ശുചിമുറിയ്ക്കു സമീപവും കൈകാലുകള്‍ വൃത്തിയാക്കാന്‍ സോപ്പ് ഉറപ്പാക്കണം.
ജില്ലയില്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിര്‍മിക്കുന്ന ഐസും വ്യവസായികാവശ്യത്തിനുള്ള ഐസും ദാഹജലത്തോടൊപ്പം ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഇത് തടയുന്നതിനായി ശക്തമായ പരിശോധനകള്‍ നടത്തണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എസ്.ആര്. ദിലീപ് കുമാര്‍, ഡോ. അനന്ത് മോഹന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ദേശീയ ആരോഗ്യ ദൗത്യം ഡോ. കോശി സി. പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.