അരുംകൊലയ്ക്കു പിന്നിൽ സ്വത്തുതർക്കം; ആത്മഹത്യക്കുള്ള പ്രതിയുടെ പദ്ധതി പാളി
1510536
Sunday, February 2, 2025 6:55 AM IST
ഡൊമിനിക് ജോസഫ്
മാന്നാർ: വൃദ്ധദമ്പതികളെ തീകൊളുത്തി കൊലപ്പെടുത്താൻ കാരണം സ്വത്ത് തർക്കമെന്ന് പോലീസ്. മാന്നാർ ചെന്നിത്തല കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് മകൻ വിജയൻ കൊലപ്പെടുത്തിയത്. മാതാപിതാക്കളോടൊപ്പം ഇയാൾ ഷെഡിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം മാതാപിതാക്കളുമായി വിജയൻ വഴക്കുണ്ടാക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവത്രേ. ഇവർ താമസിക്കുന്ന അഞ്ച് സെന്റ് വസ്തു എഴുതി നൽകണമെന്ന് പറഞ്ഞാണ് വഴക്കുണ്ടാക്കിയത്. ഇതുസംബന്ധിച്ച് ഇവർ പോലീസിൽ പരാതി നൽകുകയും ഇയാളെ വിളിച്ച് താക്കീത് നൽകി വിടുകയും ചെയ്തിരുന്നു. മരിച്ച ഇവർക്ക് അഞ്ച് മക്കളാണുള്ളത്. ഇവർക്കെല്ലാം കൂടി ഉള്ളതാണ് ഈ വസ്തു.
എന്നാൽ, ഇവരുടെ മകൾക്ക് വസ്തു നൽകുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. ഇയാളുടെ ഭാര്യ വർഷങ്ങൾക്ക് മുമ്പേ പിണങ്ങിപ്പോയിരുന്നു. സ്ഥിരമായി മദ്യപിക്കുന്ന ഇയാൾ കുടുംബത്തിൽ വഴക്കുമായിരുന്നു. ഒരു ജോലിക്കും ഇയാൾ പോകില്ലായിരുന്നു. വസ്തുകൂടി കിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
മാന്നാറിൽനിന്നു പെട്രോൾ വാങ്ങിയശേഷം പുലർച്ചെ വീടിനു ചുറ്റും ഒഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ആത്മഹത്യ ചെയ്യാനാണ് ഇയാൾ തീരുമാനിച്ചതെന്നും അതിനിടയിൽ നാട്ടുകാർ പിടികൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പോലീസിന്റെ അലംഭാവം കൊലപാതകത്തിൽ എത്തിച്ചു: രമേശ് ചെന്നിത്തല
മാന്നാർ: പലതവണ പരാതികൾ ലഭിച്ചിട്ടും പോലീസ് വേണ്ടരീതിയിൽ നടപടിയെടുക്കാത്തത് വൃദ്ധ മാതാപിതാക്കളുടെ ദാരുണാന്ത്യത്തിനു കാരണമായതായും പോലീസ് കാണിച്ച അലംഭാവമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മകൻ വീടിന് തീ വച്ചതിനെത്തുടർന്ന് വെന്തുമരിച്ച ചെന്നിത്തല കോട്ടമുറിയിൽ കൊറ്റോട്ട് കാവിൽ രാഘവൻ - ഭാരതി ദമ്പതികളുടെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു രമേശ് ചെന്നിത്തല.
മദ്യപാനിയായ മകൻ ദിവസങ്ങൾക്കുമുമ്പ് പിതാവിന്റെ കൈ തല്ലിയൊടിച്ചതായും മാതാവിനെ ക്രൂരമായി മർദിച്ചതായും പരാതിപ്പെട്ടിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശരിയായ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.