തീ കൊളുത്തി കൊലപ്പെടുത്തിയ വൃദ്ധദമ്പതിമാരുടെ സംസ്കാരം നടത്തി
1510658
Sunday, February 2, 2025 11:42 PM IST
മാന്നാർ: സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ വീടിന് തീ കൊളുത്തി കൊലപ്പെടുത്തിയ വൃദ്ധ ദമ്പതികളുടെ സംസ്കാരം നടത്തി. ചെന്നിത്തല തൃപ്പെരുന്തുറ കോട്ടമുറിയിൽ കൊറ്റോട്ടുകാവിൽ രാഘവൻ (96), ഭാര്യ ഭാരതി (85) എന്നിവരുടെ സംസ്കാരമാണ് വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്നലെ രാവിലെ ഭാരതിയുടെ സഹോദരി പരേതയായ ശാരദയുടെ മകൾ സുശീലയുടെ വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വച്ചു.
മൃതദേഹങ്ങൾ ദർശിക്കാനായി അടുത്ത ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരുമടക്കം നിരവധിപേർ എത്തിയിരുന്നു. മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഉൾപ്പടെ വിവിധ രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് 11 മണിയോടെ ഇവരുടെ വീടിനരികിൽ ഒരുക്കിയ ഒരേ ചിതയിൽ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കൊല്ലപ്പെട്ട രാഘവന്റെയും ഭാരതിയുടെയും മകൾ പരേതയായ സിന്ധുവിന്റെ മകൻ വിഷ്ണുവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.