തണ്ണീർമുക്കം ഫെസ്റ്റ്: ടൂറിസ്റ്റുകളെ വരവേൽക്കാൻ ഒരുക്കങ്ങളായി
1510535
Sunday, February 2, 2025 6:55 AM IST
തണ്ണീർമുക്കം: എല്ലാ കണ്ണുകളും തണ്ണീർമുക്കത്തേക്ക്. തണ്ണീർമുക്കത്തിന്റെ ടൂറിസം സാധ്യതകളിലേക്ക് ലോകശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 12 മുതൽ 16 വരെ തണ്ണീർമുക്കം ഫെസ്റ്റ് നടത്തുന്നത്. ലോക ടൂറിസം മാപ്പിൽ ഇടംനേടിയ കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവേശന കവാടമായി അറിയപ്പെടുന്ന സ്ഥലമാണ് തണ്ണീർമുക്കം. കായൽ സൗന്ദര്യത്താൽ അനുഗ്രഹീതമായ തണ്ണീർമുക്കം ഉൾനാടൻ ജലാശങ്ങളാലും സമ്പന്നമാണ്.
കട്ടച്ചിറ ആറും ചെങ്ങണ്ട ആറും ഉൾപ്പെടെ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ജലാശയങ്ങൾ ടൂറിസം സാധ്യതകളുടെ വിളനിലമാണ്. ഉൾനാടൻ ജലാശയങ്ങളിലേക്കുള്ള യാത്രയൊരുക്കി സഞ്ചാരികളെ ആകർഷിക്കുക ഫെസ്റ്റിന്റെ ലക്ഷ്യമാണ്. വീടുകളിൽ ഭക്ഷണം ഒരുക്കിയും ഗ്രാമക്കാഴ്ചകൾ ആസ്വദിച്ചുമുള്ള സഞ്ചാരം ടൂറിസ്റ്റുകളുടെ മനം കവരുമെന്നാണ് പ്രതീക്ഷ.
ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഫെസ്റ്റ് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഹോം സ്റ്റേകളും സ്റ്റാർട്ടപ്പുകളും ഇതിന്റെ ഭാഗമായി തുറക്കാൻ കഴിയും.
തണ്ണീർമുക്കം ബണ്ടും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. കലാമത്സരങ്ങൾ, സെമിനാറുകൾ, കായിക മത്സരങ്ങൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. പോസ്റ്റർ പ്രചാരണം ആരംഭിച്ചു.
കടുംബശ്രീ പ്രവർത്തകർ വാർഡ് സംഘാടകസമിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രചാരണം നടക്കുന്നത്. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോസ്റ്റർ പതിച്ച് പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷ്, പഞ്ചായത്ത് സെക്രട്ടറി ഉദയസിംഹൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മിഥുൻ ഷാ, പഞ്ചായത്തംഗങ്ങളായ പി.ജെ. തോമസ്, മിനിലെനി, ഗ്രേസി എന്നിവർ പ്രസംഗിച്ചു.