മുട്ടം-എട്ടുപുരയ്ക്കൽ റോഡ് വികസനം: സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചു
1511112
Tuesday, February 4, 2025 11:52 PM IST
ചേർത്തല: ചേർത്തല മുട്ടം ബസാർ മുതൽ വയലാർ എട്ടുപുരയ്ക്കൽ വരെയുള്ള റോഡ് വികസനത്തിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചു. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചത്. ചേർത്തല വടക്കേ അങ്ങാടി കവലയ്ക്ക് വടക്കുവശമുള്ള കുരിശു പള്ളി ജംഗ്ഷനിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേർളി ഭാർഗവൻ, വയലാർ പ്രഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി എന്നിവർ ചേർന്ന് ആദ്യ അതിർത്തിക്കല്ല് സ്ഥാപിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വികസനത്തിന് 10 കോടി രൂപ അനുവദിച്ചിരുന്നു. 10.5 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുപ്പ്. 7.5 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. 12 മീറ്റർ വീതിയിലും അഞ്ചുമീറ്റർ ഉയരത്തിലും കുറിയമുട്ടം പാലം പുനർനിർമിക്കും. പാലത്തിന്റെ സമീപന പാതയുള്ളിടങ്ങളിൽ 20 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കും.
സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. പാലം നിർമാണം വേഗത്തിൽ നടത്തുന്നതിനു സമീപനപാതകളുടെ ഭാഗത്തെ സ്ഥലം ഉടമകളിൽനിന്നും അനുവാദം നേരത്തേ വാങ്ങുന്നത് പരിഗണനയിലാണെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു.
സർക്കാരിന്റെ അതിവേഗ പദ്ധതിയിൽ ഉൾപ്പെടുത്തി കൃത്യമായ നിരീക്ഷണത്തിലും മേൽനോട്ടത്തിലും സമയബന്ധിതമായി റോഡ് നിര്‍മാണം പൂർത്തിയാക്കുന്നതിന് സാധിക്കും എന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. അതിർത്തി കല്ലുകൾ സ്ഥാപിച്ച ശേഷം ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സർവേ നമ്പരുകൾ അളന്നു തിരിച്ച് സാമൂഹികാഘാത പഠനം നടത്തി സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുന്നതോടെ റോഡ് നിർമാണം ആരംഭിക്കും.
ചടങ്ങിൽ നഗരസഭാ വൈസ് ചെയര്മാന് ടി.എസ്. അജയകുമാർ, വയലാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭ ജോഷി, എ.എസ്. സാബു, കൗൺസിലർ ജോഷിത, പഞ്ചായത്തംഗങ്ങളായ യു.ജി. ഉണ്ണി, കെ. വിനീഷ്, ഇന്ദിര ജനാർദനൻ, ജയലേഖ, ഷെറീഫ്, കെ.എസ്. സലിം, കെആർഎഫ്ബി അസി. എന്‍ജിനിയർ ഷാനിജ തുടങ്ങിയവർ പങ്കെടുത്തു.