ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
1490198
Friday, December 27, 2024 5:03 AM IST
അന്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേശകസമിതി ഭാരവാഹികൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത ചർച്ചയിൽ തീരുമാനമാകാതെ പിരിഞ്ഞു. രാജി സന്നദ്ധത അറിയിച്ച് പ്രസിഡന്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കത്ത് കൈമാറി സെക്രട്ടറി.
രണ്ടാഴ്ച മുൻപാണ് സെക്രട്ടറി ബി. ശ്രീകുമാറും മറ്റൊരു കമ്മിറ്റിയംഗവും ചേർന്ന് ഉപദേശകസമിതി ഓഫീസിന്റെയും ഓഫീസിലെ അലമാരയുടെയും താഴും പൂട്ടും പൊളിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് കെ.കവിത അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പരാതി നൽകിയിരുന്നു. ഭാരവാഹികൾ തമ്മിൽ തർക്കം രൂക്ഷമായതോടെയാണ് കഴിഞ്ഞ ദിവസം ഹരിപ്പാട് ഡപ്യൂട്ടി കമ്മീഷണർ ദിലീപിന്റെ അധ്യക്ഷതയിൽ മാവേലിക്കരയിലാണ് ചർച്ച നടന്നത്.
സെക്രട്ടറിയും പ്രസിഡന്റും രാജിവയ്ക്കുക അല്ലെങ്കിൽ ഉപദേശക സമിതി രാജിവയ്ക്കുക എന്നീ നിർദേശങ്ങളാണ് ഡപ്യൂട്ടി കമ്മീഷണർ മുന്നോട്ടുവച്ചത്. തുടർന്നാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ കെ. കവിത സന്നദ്ധത അറിയിച്ചത്. തൊട്ടുപിന്നാലെ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് ശ്രീകുമാർ കത്തും കൈമാറി.
ഉപദേശകസമിതി ഭാരവാഹികൾ തമ്മിൽ രൂക്ഷമായ തർക്കം നടക്കുന്നതിനാൽ പ്രസിദ്ധമായ പന്ത്രണ്ട് കളഭ മഹോത്സവ നടത്തിപ്പിൽ ആശങ്കയുയർന്നിരിക്കുകയാണ്. ജനുവരി 14 മുതലാണ് കളഭമഹോത്സവം ആരംഭിക്കുന്നത്.