യുവതിയുടെ മരണം: ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം
1490197
Friday, December 27, 2024 5:03 AM IST
ചേർത്തല: കടക്കെണിയെത്തുടർന്ന് യുവതി ജീവനൊടുക്കി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാർഡ് കാരുവള്ളി സുധീറിന്റെ ഭാര്യ ആശ (45) ആണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ കഴിഞ്ഞദിവസം തൂങ്ങി മരിച്ചത്. എസ്എൽ പുരം സര്‍വീസ് സഹകരണബാങ്കില്‍നിന്ന് ആശയുടെ ഭർത്താവ് 2010ൽ വീട് നർമാണത്തിനായി ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനെത്തു ടർന്ന് 2021ൽ പലിശയടക്കം രണ്ടര ലക്ഷം രൂപയ്ക്ക് വായ്പ പുതുക്കിവച്ചിരുന്നു. എന്നാൽ, പിന്നീടും തിരിച്ചടവ് മുടങ്ങിയിരുന്നു. കഴിഞ്ഞ 23ന് തിങ്കളാഴ്ച ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടിശിക നിവാരണത്തിന്റെ ഭാഗമായി വീടുകളിൽ കയറുന്നതിനിടെ സുധീറിന്റെ വീട്ടീലും രാവിലെ 9.30 ഓടെ എത്തിയിരുന്നു. കെട്ടിട നിർമാണത്തൊ ഴിലാളിയായ സുധീർ വീട്ടിൽ ഇല്ലായിരുന്നു.
വായ്പ മുടങ്ങാതെ തിരിച്ചടയ്ക്കണമെന്ന് ഭാര്യ ആശയോട് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടാണ് മടങ്ങിയത്. എന്നാൽ, 10.30 ഓടെ ആശ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. നിലവിൽ 2,13,000 രൂപ തിരിച്ചടയ്ക്കാനുണ്ട്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: ആതിദ്യൻ, അനഘ. അതേസമയം എൽഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരേ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
ബാങ്ക് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് ആശ ആത്മഹത്യ ചെയ്തതെന്നും അതിന് ഉത്തരവാദികളായ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവർക്കെതിരേ പോലീസ് നടപടിയെടുക്കണമെന്നും കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
എന്നാല്‍, ബാങ്കിനെ തകർക്കാനുള്ള ഗുഢാലോചനയാണ് ആരോപണത്തിനു പിന്നിലെന്ന് ബാങ്ക് ഭരണസമിതി നേതാക്കള്‍ പറഞ്ഞു.