ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികന് ദാരുണാന്ത്യം
1490191
Friday, December 27, 2024 4:52 AM IST
ചെങ്ങന്നൂർ: ബുധനാഴ്ച അർധരാത്രി ചെങ്ങന്നൂർ നഗരമധ്യത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്.
ബൈക്ക് യാത്രക്കാരനായ കണ്ണൂർ മങ്ങാട്ടിടം കിണവക്കിൽ ബാബുവിന്റെ മകൻ വിഷ്ണു (23) വാണ് തൽക്ഷണം മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമ്പലപ്പുഴ കാരൂർ പുതുവൽ വീട്ടിൽ ബിജുവിന്റെ മകൻ വിവേകി(അച്ചു -23)നാണ് പരിക്കേറ്റത്. ഇയാൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 12.30ന് എംസി റോഡിൽ ചെങ്ങന്നൂർ നഗരമധ്യത്തെ കത്തോലിക്കാ പളളിക്കു സമീപമായിരുന്നു അപകടം. ക്രിസ്മസ് ആഘോഷത്തിനായി ചെങ്ങന്നൂരിലെ സുഹൃത്തിന്റെ വീട്ടിൽ എത്തി മടങ്ങിയ ഇരുവരും സഞ്ചരിച്ച ബൈക്കും എതിരേ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിൻസീറ്റിൽ ഇരുന്ന വിഷ്ണു പതിനഞ്ച് അടിയോളം ഉയരത്തിൽ ഉയർന്നു പൊങ്ങി റോഡരികിലെ ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഡെന്റൽ ക്ലിനിക്കിന്റെ ബോർഡിൽ തലയിടിച്ചു താഴെ വീഴുകയായിരുന്നു. ബൈക്കിൽ ഇടിച്ച കാർ ഇതിനിടെ നിയന്ത്രണം വിട്ട് എതിരേ വന്ന മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചെങ്കിലും ആളപായം ഉണ്ടായില്ല. നാലു വാഹനങ്ങൾക്കും സാരമായ കേടുപാടുകളുണ്ട്.
അപകടത്തിൽപ്പെട്ട ബൈക്ക് നിശേഷം തകർന്നു. ഫയർഫോഴ്സും പോലീസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ചെങ്ങന്നൂർ പോലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം കണ്ണൂരിലേക്കു കൊണ്ടുപോയി. പ്രീതയാണ് വിഷ്ണുവിന്റെ മാതാവ്. സഹോദരി: ബബത (വിദ്യാർഥി).