കനോയിംഗ്-കയാക്കിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് -2025
1490193
Friday, December 27, 2024 4:52 AM IST
മുഹമ്മ: ആലപ്പുഴ ജില്ലാ പഞ്ചായത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, കനോയിംഗ്-കയാക്കിംഗ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ മൂന്നാമത് കനോയിംഗ്-കയാക്കിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ജനുവരി 4, 5, 6 തീയതികളിൽ ആലപ്പുഴ- മണ്ണഞ്ചേരി ആറാം വാർഡിലെ കായൽച്ചിറയിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്പോർട്സാണ് ലഹരി പദ്ധതിയുടെ ഭാഗമായി കായിക മേഖലയെ ശക്തിപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നതിന്റെ തുടർച്ചയായിട്ടാണ് ജില്ലാ പഞ്ചായത്ത് കനോയിംഗ്-കയാക്കിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. ആയിരത്തോളം കായികതാരങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മത്സരത്തിനായി ആലപ്പുഴയിൽ എത്തുന്നത്.
ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി കനോയിംഗ്-കയാക്കിംഗ് ബോട്ടുകളുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തിരുന്നു. പരിപാടിയുടെ ഭാഗമായി 30ന് കലവൂർ സ്കൂളിൽ നടക്കുന്ന ഡിസംബർ 30ന് കലവൂർ സ്കൂളിൽ വെച്ച് നടക്കുന്ന പ്രതിഭാ സംഗമത്തിൽ മുഹമ്മ- മണ്ണഞ്ചേരി -ആര്യാട്-മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽനിന്ന് ജില്ലാ-സംസ്ഥാന-ദേശീയ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കായിക താരങ്ങളെയും കനോയിംഗ് -കയാക്കിംഗ് മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും ആദരിക്കും.
ജനുവരി മൂന്നിന് 4.30ന് കലവൂർ മുതൽ മണ്ണഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ റൺ - സ്പോർട്സാണ് ലഹരിയിൽ ആയിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും.കനോയിംഗ് കയാക്കിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ജനുവരി നാലിന് രാവിലെ 8.30ന് സാംസ്കാരിക ഫിഷറീസ് മന്ത്രി ഉദ്ഘാടനം ചെയ്യും. ജനുവരി ആറിന് സമാപനസമ്മേളനത്തിൽ വിജയികൾക്ക് മെഡൽ, സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ നൽകും.