ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം: സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ
1490189
Friday, December 27, 2024 4:52 AM IST
ഹരിപ്പാട്: ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെ (49) യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്ത റപ്പാട്ട് ബാബുവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
സിന്ധുവിന്റെ 5 ഗ്രാം തൂക്കം വരുന്ന വളമോഷണം പോയി. ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ച് ഇവർ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിനുശേഷമാണ് പോലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.