കരപ്പുറം കാഴ്ചകള്‍: ബിടുബി മീറ്റ്, എംടി അനുസ്മരണ സമ്മേളനം ഇന്ന്
1490192
Friday, December 27, 2024 4:52 AM IST
ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ നടക്കുന്ന ചേര്‍ത്തല പൊലിമ കരപ്പുറം കാര്‍ഷിക കാഴ്ചകളില്‍ ക്രിസ്മസ് മില്ലറ്റ് കേക്ക് ഫെസ്റ്റ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിന്റെ കാര്യത്തില്‍ സൂപ്പര്‍ സ്റ്റാറും സൂപ്പര്‍ ഫുഡും ചെറുധാന്യങ്ങളാണെന്നും ജീവിതശൈലി രോഗങ്ങളെ ഒഴിവാക്കുന്നതിന് മില്ലറ്റിന്റെയും കൂണിന്റെയും പോഷക ഗുണങ്ങള്‍ പ്രയോജനകരമാണെന്നും മന്ത്രി പറഞ്ഞു.
ചേര്‍ത്തലയില്‍ മില്ലറ്റ് കൃഷി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൂണില്നിന്നുമുള്ള നിരവധി ഉത്പന്നങ്ങളായ കൂണ് ഫ്രൈഡ് റൈസ്, കൂണ് കട്ലറ്റ്, കൂണ് അച്ചാര്‍, കൂണ് ചമ്മന്തി പൊടി, മില്ലറ്റ് കേക്ക് തുടങ്ങിയവയും ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചു.
എം.ടി. വാസുദേവന്‍നായരുടെ നിര്യാണത്തില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി 26ന് പ്രദര്‍ശനം നിര്‍ത്തിവച്ചു. 27ന് പ്രദര്‍ശനം തുടരും. രാവിലെ ഒമ്പതിനു ഉത്പാദകരെയും സംരംഭകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബിടുബി മീറ്റ് ട്രാവന്‍കൂര്‍ പാലസില്‍ നടക്കും.
കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് ഉദ്ഘാടനം ചെയ്യും.10ന് കരപ്പുറം റസിഡന്‍സിയില്‍ ഡിപിആര്‍ ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. മേളയില്‍ നടക്കുന്ന കാര്‍ഷിക സെമിനാര്‍ കാര്‍ഡ് ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജിമോഹന്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ആറിന് പ്രധാനവേദിയില്‍ എം.ടി. വാസുദേവന്‍നായര്‍ അനുസ്മരണസമ്മേളനം നടത്തും. മന്ത്രി പി. പ്രസാദ് പങ്കെടുക്കും.