ഗവിയിലേക്കു പോയവർ വനത്തിൽ കുടുങ്ങി
1543528
Friday, April 18, 2025 3:49 AM IST
പത്തനംതിട്ട: കെഎസ്ആർടിസി ടൂർ പാക്കേജിൽ ഗവിക്ക് പോയ 38 അംഗസംഘം വനത്തിൽ കുടുങ്ങി. സംഘവുമായി പോയ കെഎസ്ആർടിസി ബസ് കേടായതിനെ തുടർന്നാണ് ഇവർ വനത്തിൽ കുടുങ്ങിയത് .
മൂഴിയാറിൽ നിന്നും ഗവിക്കുള്ള യാത്രയിലാണ് ബസ് കേടായത്. കൈക്കുഞ്ഞുങ്ങളും വയോധികരും ഉൾപ്പെടെയുള്ളവരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. മൂഴിയാറിനു സമീപം രാവിലെ 11.10 ഓടെ ബസ് തകരാറിലായി. ചടയമംഗലം ഡിപ്പോ ഓപ്പറേറ്റ് ചെയ്ത ടൂർ സംഘമാണ് ബസിലുണ്ടായിരുന്നത്.
ബസ് കേടായ വിവരം പത്തനംതിട്ട ഡിപ്പോയിലേക്ക് അറിയിച്ചെങ്കിലും പകരം ബസ് എത്തിക്കാൻ വൈകി. ഉച്ചകഴിഞ്ഞ് 3.45 ഓടെ ഒരു ബസ് എത്തിയെങ്കിലും അതും വഴിയിൽ കേടായി. മൊബൈൽ റേഞ്ച് കൂടി ലഭിക്കാത്ത സ്ഥലമായതിനാൽ യാത്രക്കാർ നന്നേ പാടുപെട്ടു. പകരം എത്തിയ ബസ് 32 യാത്രക്കാരുടേതായിരുന്നു.
പ്രാഥമികാവശ്യങ്ങൾക്കു പോലും സൗകര്യമില്ലാത്ത വനമേഖലയിലാണ് ബസ് കുടുങ്ങിയത്. യാത്രക്കാരിൽ ചിലർ മൂഴിയാറിലെത്തി കുപ്പിവെള്ളം ശേഖരിച്ചു കൊണ്ടുവന്നതാണ് ആശ്വാസമായത്. ഭക്ഷണമോ വെള്ളമോ കെഎസ്ആർടിസി നൽകിയതുമില്ല. വൈകുന്നേരത്തോടെ മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ തിരികെ പത്തനംതിട്ടയിലെത്തിക്കുകയായിരുന്നു.