കുരിശിന്റെ വഴിയോടെ ശുശ്രൂഷകൾ ആരംഭിക്കും : പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖവെള്ളി
1543505
Friday, April 18, 2025 3:31 AM IST
പത്തനംതിട്ട: ലോകത്തിന്റെ പാപങ്ങൾ വഹിച്ച് യേശു ക്രിസ്തു കുരിശു മരണം പ്രാപിച്ചതിന്റെ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി ആചരണം. കുരിശിലേക്കുള്ള യാത്രയും പീഡാനുഭവ സ്മരണയും പുതുക്കി ഇന്ന് പകൽ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ നടക്കും. കുരിശിന്റെ വഴിയും കുരിശ് വന്ദനവും കുരിശ് ആഘോഷവും കബറടക്കവും ശുശ്രൂഷകളുടെ ഭാഗമായി നടക്കും. നേർച്ചക്കഞ്ഞി വിതരണത്തോടെയാണ് ശുശ്രൂഷകളുടെ സമാപനം.
പത്തനംതിട്ട നഗരത്തിൽ രാവിലെ ഏഴിന് സംയുക്ത കുരിശിന്റെ വഴി പത്തനംതിട്ട മേരിമാതാ ഫൊറോന ദേവാലയത്തിൽ നിന്നാരംഭിച്ച് സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ സമാപിക്കും. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് നേതൃത്വം നൽകും. തുടർന്ന് ഇരുദേവാലയങ്ങളിലും ദുഃഖവെള്ളി ശുശ്രൂഷകൾ ആരംഭിക്കും.
അടൂരിൽ രാവിലെ 6.30ന് കരുവാറ്റ മാർ സ്ലീവാ കത്തോലിക്കാ ദേവാലയത്തിൽനിന്നും സംയുക്ത കുരിശിന്റെ വഴി ആരംഭിക്കും. തിരുഹൃദയ ദേവാലയത്തിൽ സമാപിക്കും.
ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ദുഃഖവെള്ളി ശുശ്രൂഷയ്ക്ക് തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
നാളെ രാത്രി 7.30ന് ആരംഭിക്കുന്ന ഈസ്റ്റർ ശുശ്രൂഷയ്ക്കും ആർച്ച്ബിഷപ് കാർമികത്വം വഹിക്കും.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് കൊക്കാത്തോട് സെന്റ് ബനഡിക്ട് ദേവാലയത്തിലെ ദുഃഖവെള്ളി ശുശ്രൂഷകൾക്കും നാളെ രാത്രി ഈസ്റ്റർ ശുശ്രൂഷയിലും മുഖ്യകാർമികത്വം വഹിക്കും.
പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റമിന്റെ മുഖ്യകാർമികത്വത്തിൽ ഇന്നു രാവിലെ 8.30 മുതൽ ഏറത്തുന്പമൺ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ദുഃഖവെള്ളി ശുശ്രൂഷകൾ. ഈസ്റ്റർ ശുശ്രൂഷ നാളെ രാത്രി എട്ടിന് ആരംഭിച്ച് കുർബാനയോടെ സമാപിക്കും.
റാന്നി പെരുനാട് കുരിശുമല ദേവാലയത്തിൽ ഇന്നു രാവിലെ 7.30ന് കുരിശിന്റെ വഴിയോടെ ശുശ്രൂഷകൾ ആരംഭിക്കും. ദേവാലയത്തിൽ തുടർന്ന് ദുഃഖവെള്ളി ശുശ്രൂഷ ആരംഭിക്കും. ദുഃഖശനി ശുശ്രൂഷ രാവിലെ 6.30നും ഈസ്റ്റർ ശുശ്രൂഷ നാളെ രാത്രി ഏഴിനും ആരംഭിക്കും.
തിരുവല്ല മഞ്ഞാടി സെന്റ് പീറ്റേഴ്സ് മാർത്തോമ്മ പള്ളിയിൽ ഇന്നു രാവിലെ എട്ടു മുതൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത നേതൃത്വം നൽകും.
പരുമല സെമിനാരി ദേവാലയത്തിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് തുന്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം നേതൃത്വം നൽകും. ഞായർ പുലർച്ചെ രണ്ടിന് ഈസ്റ്റർ ശുശ്രൂഷയും തുടർന്ന് കുർബാനയും.
ക്നാനായ സഭ കല്ലിശേരി മേഖല ആസ്ഥാനമായ വള്ളംകുളം ബേദ്നഹ്റിൻ പള്ളിയിൽ ഇന്നു രാവിലെ ഏഴിന് കുര്യാക്കോസ് മാർ ഗ്രീഗോറിയോസിന്റെ കാർമികത്വത്തിൽ ദുഃഖവെള്ളി ശുശ്രൂഷ ആരംഭിക്കും. നാളെ വൈകുന്നേരം ആറ് മുതൽ ഈസ്റ്റർ ശുശ്രൂഷ ആരംഭിക്കും.