കണമല അപകടത്തിനു കാരണം പോലീസ് അനാസ്ഥ: ആന്റോ ആന്റണി
1543199
Thursday, April 17, 2025 2:44 AM IST
പത്തനംതിട്ട: ശബരിമല തീർഥാടനപാതയിലെ കണമല അട്ടിവളവിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ പോലീസിന്റെ അനാസ്ഥയും അലംഭാവവും പ്രകടമാണെന്ന് ആന്റോ ആന്റണി എംപി.
കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമാണുണ്ടായത്. അപകടത്തിൽ പെട്ട വാഹനം 25 അടിയോളം തെന്നിനീ ങ്ങി റോഡിന്റെ ക്രാഷ് ബാരിയർ തകർത്തതിനു ശേഷമാണ് കുഴിയിലേക്കു മറിഞ്ഞത്. താഴെ ഉണ്ടായിരുന്ന റബർ മരത്തിൽ വാഹനം തടഞ്ഞതുമൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.
മുമ്പ് ഇതേസ്ഥലത്ത് മറ്റൊരു അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് സ്ഥിരം അപകടമേഖലയായി മാറിയിരിക്കുന്നുവെന്നതും ഗൗരവത്തോടെ കാണണമെന്ന് എംപി പറഞ്ഞു. സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകൾ ദുർബലമായതിനാൽ വാഹനം ഇടിച്ച ഉടനെ തകർന്നുവെന്നും സ്ഥലം സന്ദർശിച്ച വേളയിൽ മനസിലാക്കാനായി.
തീർഥാടനകാലത്തും ശബരിമല നട തുറക്കുന്ന വിശേഷാൽ അവസരങ്ങളിലും ഈ ഭാഗത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനും മറ്റു നിരവധി സുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും സംഭവമുണ്ടായ സമയത്ത് ഒരു പോലീസുകാരനും സ്ഥലത്തുണ്ടായിരുന്നില്ല എന്നത് അതീവ ഗൗരവമുള്ളതാണെന്നും എംപി പറഞ്ഞു.
സീസണിലും പ്രത്യേക അവസരങ്ങളിലും കണമലയിലും അപകട സാധ്യതയുള്ള പ്രദേശങ്ങളിലും പോലീസിനെ വിന്യസിക്കണമെന്നും അപകട വളവിനു മുമ്പുതന്നെ വാഹനങ്ങൾ നിർത്തി അവർക്ക് മുന്നറിയിപ്പ് കൊടുക്കണമെന്നുമൊക്കെ തീരുമാനങ്ങൾ ഉള്ളതാണ്. പതിനായിരക്കണക്കിന് അയ്യപ്പ ഭക്തന്മാർ കടന്നുപോകുന്ന ദിവസം പോലീസിന്റെ സാന്നിധ്യമേ ഉണ്ടായിരുന്നില്ല.
കണമലയിലും മറ്റ് അപകട സാധ്യതയുള്ള വളവുകളിലേയും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. കണമല അടക്കം അപകടപ്രദേശങ്ങളിൽ പോലീസ് വിന്യാസം ഉറപ്പാക്കുക, വാഹനവേഗം കർശനമായി നിയന്ത്രിക്കുക,
നിലവാരമില്ലാത്ത ക്രാഷ് ബാരിയറുകൾ മാറ്റി പകരം ശക്തമായ സുരക്ഷാ ഘടകങ്ങൾ സ്ഥാപിക്കുക, തീർഥാടനപാതയിലുടനീളം സുരക്ഷാ ഓഡിറ്റ് നടത്തുക എന്നിവ കർശനമായി നടപ്പാക്കണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.