പെസഹ ആചരണം: ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷ
1543200
Thursday, April 17, 2025 2:44 AM IST
പത്തനംതിട്ട: കുരിശുമരണത്തിനു മുന്‍പായി ക്രിസ്തു തന്റെ ശിഷ്യൻമാർക്കൊപ്പം ആചരിച്ച പെസഹയുടെ സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക ശുശ്രൂഷ. പെസഹ ആചരണത്തോടൊപ്പം ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ച് വിനയത്തിന്റെ മാതൃക ലോകത്തിനു കാട്ടിയതുമായി ബന്ധപ്പെട്ട കാൽകഴുകൽ ശുശ്രൂഷ ഇന്നു നടക്കും.
സീറോമലബാർ, ലത്തീൻ ദേവാലയങ്ങളിൽ വൈദികരുടെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കപ്പെടും. മലങ്കര ക്രമത്തിൽ ബിഷപ്പുമാർ കാർമികത്വത്തിൽ മാത്രമാണ് കാൽകഴുകൽ ശുശ്രൂഷ.
വിശുദ്ധ കുർബാന, തിരുമണിക്കൂർ ആരാധന തുടങ്ങിയവയോടെയാണ് പെസഹ ആചരണം. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആലുംതുരുത്തി സെന്റ് മേരീസ് സുറിയാനി മലങ്കര കത്തോലിക്കാ പള്ളിൽ പെസഹയോടനുബന്ധിച്ച കാൽകഴുകൽ ശുശ്രൂഷ നടത്തും പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കും.
യേശു തന്റെ 12 ശിഷ്യരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ചു 12 പേരുടെ കാലുകളാണ് കഴുകുന്നത്. കാൽകഴുകലും പെസഹാ തിരുക്കർമങ്ങളും വിശുദ്ധ കുർബാനയുമാണ് പെസഹായിലെ ശുശ്രൂഷക്രമം.
പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി - പെരുനാട് മാന്‍പാറ സെന്റ് മേരീസ് മലങ്കര തീർഥാടന ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കും.
പരുമല സെമിനാരി ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിമിന്റെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടത്തും.
പത്തനംതിട്ട മേരിമാതാ ഫൊറോന ദേവാലയത്തിൽ പെസഹായുടെ തിരുക്കർമങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. കുർബാനയും കാൽകഴുകൽ ശുശ്രൂഷയും ഇതോടനുബന്ധിച്ചു നടക്കും. വികാരി ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളിൽ കാർമികത്വം വഹിക്കും.
മാരാമണ്‍ സെന്റ് ജോസഫ്സ് പള്ളിയിൽ
മാരാമൺ: സെന്റ് ജോസഫ്സ് ദേവാലയത്തിൽ പെസഹായോടനുബന്ധിച്ച ്ഇന്നു വൈകുന്നേരം ആറിന് തിരുവത്താഴ പൂജ, പാദക്ഷാളന കര്‍മം, ദിവ്യ കാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന.
നാളെ രാവിലെ എട്ടിന് പരപ്പുഴ കടവില്‍ നിന്ന് ദേവാലയത്തിലേക്ക് നടക്കുന്ന കുരിശിന്റെ വഴിയോടെ ദുഃഖവെള്ളി ശുശ്രൂഷകൾ ആരംഭിക്കും.
ആറന്മുള സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
ആറന്മുള: സെന്റ് സെബാസ്റ്റ്യന്‍സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ പെസഹയോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവത്താഴ പൂജ, പാദക്ഷാളന കര്‍മം, ദിവ്യ കാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന.
നാളെ രാവിലെ എട്ടിന് കുരിശിന്റെ വഴി തെക്കേമല ജംഗ്ഷനില്‍ നിന്നാരംഭിച്ച് കോഴഞ്ചേരി വഴി ദേവാലയത്തില്‍ സമാപിക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ഈശോയുടെ പീഡാസഹനാനുസ്മരണം, ദൈവവചന പ്രഘോഷണ കർമ, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, നഗരി കാണിക്കൽ, മുള്‍മുടി നേര്‍ച്ച.