കണമല അപകടം: ബസ് പരിശോധിച്ചു
1543509
Friday, April 18, 2025 3:31 AM IST
കണമല: കഴിഞ്ഞ ദിവസം കണമല ഇറക്കത്തിലെ അട്ടിവളവിൽ ഒരു അയ്യപ്പഭക്തൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മറിഞ്ഞ ബസ് പരിശോധിച്ചു.
ചികിത്സയിൽ കഴിയുന്ന ബസ് ഡ്രൈവറുടെ മൊഴി ലഭ്യമായ ശേഷം കൂടുതൽ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ നടത്തിയ പരിശോധനയിൽ ബസ് ഡ്രൈവറുടെ അലംഭാവം മൂലം ആണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടത്തെത്തുടർന്ന് കണമല വഴി തീർഥാടകസഞ്ചാരം നിയന്ത്രണ വിധേയമാക്കിയെന്ന് എരുമേലി പോലീസ് അറിയിച്ചു. രാത്രിയിൽ കോൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടാനാണ് നിർദേശം.
നാടിനെ കണ്ണീരിലാഴ്ത്തി അഖിലും അരുണും യാത്രയായി
മുണ്ടക്കയം: വാഹനാപകടത്തിൽ മരണപ്പെട്ട മുണ്ടക്കയം പാറേലമ്പലം സ്വദേശികളായ കല്ലുതൊട്ടിപുരയിടം അനിൽകുമാർ - സജിത ദമ്പതികളുടെ മകൻ അരുൺ (22), ചെറുതോട്ടയിൽ പരേതനായ അനിയൻ - ജോളി ദമ്പതികളുടെ ഏക മകൻ അഖിൽ (24) എന്നിവരുടെ സംസ്കാരം നടത്തി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അഖിലിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വീട്ടിലെത്തിച്ച് ഉച്ചകഴിഞ്ഞ് മൂന്നോടെ മുണ്ടക്കയം ദേവയാനം പൊതുശ്മശാനത്തിലും അരുണിന്റെ സംസ്കാരം വൈകുന്നേരം അഞ്ചോടെ വീട്ടുവളപ്പിലും നടത്തി. യുവാക്കളുടെ മരണവാർത്ത അറിഞ്ഞതോടെ നാടിന്റെ നാനാഭാഗത്തുനിന്ന് നിരവധി ആളുകളാണ് പാറയമ്പലം ഭാഗത്തേക്ക് എത്തിയത്.
തങ്ങളുടെ പ്രിയസുഹൃത്തുക്കളെ അവസാനമായി ഒരു നോക്ക് കാണുവാൻ അഖിലിന്റെയും അരുണിന്റെയും സഹപാഠികൾ അടക്കമുള്ളവർ എത്തിയിരുന്നു. ആകെ ഉണ്ടായിരുന്ന ഏക മകന്റെ വേർപാട് അഖിലിന്റെ അമ്മയ്ക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡിന്റെ വശത്തെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചായിരുന്നു അപകടം. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.