ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇ ചെലാന്‍ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത വേണമെന്ന് പോലീസ്
1542932
Wednesday, April 16, 2025 2:46 AM IST
പത്തനംതിട്ട: മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹന്‍ പരിവാഹന്‍ ഇ ചെലാന്‍ എന്നപേരിൽ, ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസ്.
വാട്സാപ്പിലോ ഇ മെയില്‍ ആയോ എസ്എം എസ് ആയോ ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള്‍ വരുന്നതായി പോലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിയമാനുസൃതം എന്ന് തോന്നുന്ന തരത്തിലുള്ള പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളുടെ ലോഗോകളും മറ്റും ഇതില്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇത്തരം സന്ദേശങ്ങളില്‍ ലിങ്കുകളോ സ്ക്രീന്‍ഷെയറിംഗ് ആപ്ലിക്കേഷനുകളോ ചേര്‍ത്തിട്ടുമുണ്ടാവും.
ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ,സ്ക്രീന്‍ഷെയറിംഗ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയൊ ചെയ്യുന്നതോടെ, ഇവരുടെ സൈറ്റുകളില്‍ എത്തിപ്പെട്ട് തട്ടിപ്പിനിരയാവുകയാവും ഫലം. ഇത്തരം വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞ്, സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരകളവാതെ ശ്രദ്ധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നല്കി.
വാഹനങ്ങളുടെ പിഴക്കുടിശിക പരിശോധിക്കുന്നതിന് വേണ്ടി ഔദ്യോഗിക വെബ്സൈറ്റ് ആയ https://echallan.parivahan.gov.in മാത്രം ഉപയോഗിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരകളായാല്‍ ഉടന്‍തന്നെ 1930 എന്ന ടോള്‍ ഫ്രീ നമ്പരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള പരാതികള്‍ സൈബര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അറിയിക്കേണ്ടതമാണ്. 9497961078 എന്ന നമ്പരിലേ, cyberpspta [email protected] എന്ന ഇ മെയില്‍ അഡ്രസിലോ പരാതികള്‍ പങ്ക് വയ്ക്കാമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു