തിരുവല്ല നഗരത്തിൽ തെരുവുനായശല്യം രൂക്ഷം
1543217
Thursday, April 17, 2025 2:58 AM IST
തിരുവല്ല: നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. എംസി റോഡിൽ പെരുംതുരുത്തിക്കടുത്തുള്ള പ്ലാവുംചുവട് ജംഗ്ഷനാണ് ഇവയുടെ താവളം. റോഡിന്റെ ഇരുവശങ്ങളിലും കൂട്ടമായി കിടക്കുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും ആക്രമിക്കുന്നതായി പരാതിയുണ്ട്.
പുലർച്ചെയും രാവിലെയുമായി ഇതുവഴി പോകുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും നേരേയാണ് ഇവയുടെ ശല്യം ഏറെയുമുണ്ടാകുന്നത്. നായ്ക്കൾ കൂട്ടമായി ചാടി വീഴുന്നതുമൂലം യാത്രക്കാർ ഏറെ ഭീതിയിലാണ്.
യാത്രക്കാർക്ക് ഭീഷണിയുയർത്തുന്ന നായ്ക്കളെ നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും തദ്ദേശസ്ഥാപന അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.