ബസ് തകരാർ: ഗവി ടൂര്‍ പാക്കേജില്‍ എത്തിയവര്‍ വനത്തില്‍ കുടുങ്ങി
1543518
Friday, April 18, 2025 3:45 AM IST
പത്തനംതിട്ട: കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജില്‍ ഗവിക്കു പോയ 38 അംഗസംഘം ബസ് തകരാറിലായതിനേ തുടര്‍ന്ന് മണിക്കൂറുകളോളം വനത്തില്‍ കുടുങ്ങി. ഇവര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഫാന്‍ ബെല്‍റ്റ് പൊട്ടിയതിനേ തുടര്‍ന്നാണ് വനത്തില്‍ കുടുങ്ങിയത്. മൂഴിയാറില്‍ നിന്നും ഗവിക്കുള്ള പാതയിലാണ് ബസിനു തകരാര്‍ സംഭവിച്ചത്.
കൈക്കുഞ്ഞുങ്ങളും പ്രായമായ ആളുകളും അടക്കം സംഘത്തിലുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ ചടയമംഗലം ഡിപ്പോയില്‍ നിന്നാണ് ടൂര്‍ പാക്കേജ് ബസ് പുറപ്പെട്ടത്. കോന്നി, അടവി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മൂഴിയാറില്‍ നിന്ന് ഗവിക്ക് തിരിഞ്ഞപ്പോള്‍ രാവിലെ 11.10 ഓടെയാണ് ബസ് കേടായത്.
ഫാന്‍ ബെല്‍റ്റ് പൊട്ടി വനത്തില്‍ ബസ് നിര്‍ത്തിയിടുകയായിരുന്നു. ഗവിയിലേക്കുള്ള ഉള്‍വനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായതിനാല്‍ ഈ ഭാഗത്ത് മൊബൈല്‍ ഫോണിന് നേരിയ റേഞ്ച് ഉണ്ടായിരുന്നത് പുറംലോകവുമായി ബന്ധപ്പെടല്‍ സാധ്യമായി. ഉടന്‍ തന്നെ വിവരം പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അറിയിച്ചെങ്കിലും ഉടന്‍ ബസ് വിടാനുള്ള നടപടി ഉണ്ടായില്ല.
ഉച്ചകഴിഞ്ഞ് മൂന്നോടെ പത്തനംതിട്ടയില്‍ നിന്നു പുറപ്പെട്ട ബസ് ബസ് അവിടെ ചെന്നെങ്കിലും അതിനും തകരാര്‍ സംഭവിച്ചതിനാല്‍ യാത്രക്കാരെ തിരികെ എത്തിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ റേഞ്ച് ലഭിക്കാത്ത സ്ഥലം കൂടിയാണ് സദാ സമയവും വന്യമൃഗ ആക്രമണവും ഉണ്ടാകാറുണ്ട്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ യാത്രക്കാര്‍ വലഞ്ഞു. ബസ് കേടായിട്ടും വേഗത്തില്‍ പകരം ബസ് അയയ്ക്കാനും തയാറായില്ല.
രണ്ടും ബസും തകരാറിലായതോടെ കുമളിയില്‍ നിന്നും വൈകുന്നേരം അഞ്ചിന് വന്ന കെഎസ്ആര്‍ടിസിയുടെ പതിവ് സര്‍വീസ് ബസില്‍ കയറ്റി മൂഴിയാറില്‍ ഇറക്കുകയായിരുന്നു. മൂഴിയാറില്‍ മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ ചടയമംഗലത്തേക്ക് തിരിച്ചയച്ചു. ഗവി കാണാതെ മടങ്ങേണ്ടി വന്ന സഞ്ചാരികള്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.