350-ാംമത് സ്നേഹഭവനം സമ്മാനിച്ചു
1543521
Friday, April 18, 2025 3:45 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 350 -മത് സ്നേഹ ഭവനം ദമ്പതികളായ ജോബിന്റെയും സൂസിയുടെയും സഹായത്താൽ ചേലക്കൊമ്പ് നെടിയൂഴത്തിൽ തങ്കമ്മ റെജിക്കും കുടുംബത്തിനും ആയി വിഷുക്കൈനീട്ടമായി നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു.
തങ്കമ്മയുടെ ഒന്നേകാൽ പതിറ്റാണ്ടിലധികമായുള്ള സ്വപ്നമാണ് സ്വന്തമായി ചെറിയൊരു വീട് എന്നത്. ഭർത്താവ് റെജിയും നഴ്സിംഗ് വിദ്യാർഥിനിയായ മകൾ റോഷ്നയും അടങ്ങുന്ന കുടുംബം ഒരു നടവഴി പോലുമില്ലാത്ത സ്ഥലത്ത് ബന്ധുവിന്റെ പുരയിടത്തിൽ നിർമിച്ച ചെറിയ ഒരു ഷെഡിലാണ് താമസിച്ചിരുന്നത്. പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ക്ഷീരകർഷകനായ റെജി അധ്വാനിച്ചു നല്ല നിലയിൽ കുടുംബം നോക്കി വന്നിരുന്നു.
എന്നാൽ തങ്കമ്മയെ ബാധിച്ച കിഡ്നി സംബന്ധമായ രോഗം കുടുംബത്തെ സാമ്പത്തികമായി തളർത്തിക്കളഞ്ഞു. വിദേശ മലയാളികളായ ജോബ്- സൂസി ദമ്പതികളുടെ സഹായത്തോടെയാണ് ഗ്രാമപഞ്ചായത്ത് അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്ത് ഡോ. എം. എസ്. സുനിൽ മനോഹരമായ ഒരു ചെറിയ വീട് നിർമിച്ചത്.
നിർമാണം ആരംഭിച്ചപ്പോൾ മുതൽ ഉണ്ടായ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് സുനിൽ ടീച്ചറും ജയലാലും ചേർന്ന് നിർമാണം പൂർത്തിയാക്കിയത്. വിഷുപ്പുലരിയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ തങ്കമ്മയ്ക്കും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറിയത്.
തന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ 350 -മത്തെ വീട് ഏറ്റവും അർഹരായവർക്കു തന്നെ നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സുനിൽ ടീച്ചർ.
ചടങ്ങിൽ നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ, മെംബർ രവി വി. സോമൻ, പഞ്ചായത്ത് സെക്രട്ടറി സി. ഷിജു കുമാർ, പ്രോജക്ട് കോഓർഡിനേറ്റർ കെ.പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.