ഗവി ടൂറിസം വികസന പദ്ധതികളിൽ മെല്ലെപ്പോക്ക്
1542933
Wednesday, April 16, 2025 2:46 AM IST
പത്തനംതിട്ട: ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ ഗവിയുടെ വികസനത്തിനായി തയാറാക്കിയ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിൽ മെല്ലപ്പോക്ക്. സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കേണ്ട പദ്ധതികളാണ് ഇഴയുന്നത്. വൈദ്യുതി ഉത്പാദന മേഖലയായ മൂഴിയാറിനെ പ്രധാന ഇടത്താവളമാക്കി പദ്ധതി നടപ്പാക്കാനുള്ള നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നത്.
കൃത്യമായ വ്യവസ്ഥകളോടെ കെഎസ്ഇബി, വനം, ടൂറിസം വകുപ്പുകളുടെ സഹകരണത്തിൽ നിർദ്ദേശം നടപ്പാക്കിയാൽ ടൂറിസം രംഗത്ത് ജില്ലയുടെ സ്ഥാനം ഒന്നാമതാകും. നിലവിൽ വനംവകുപ്പാണ് ഗവി ടൂറിസം പദ്ധതി നടപ്പാക്കിവരുന്നത്. ടൂറിസം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളുടെ പിന്തുണയും പദ്ധതിക്കുണ്ടാകണം. പൊതുമരാമത്ത്, എക്സൈസ്, ഗതാഗതം വകുപ്പുകളുടെ സഹകരണം കൂടി ഉറപ്പാക്കിയെങ്കിലേ പദ്ധതി പൂർണമാകൂ.
എഴുപത് കിലോമീറ്ററോളം വനത്തിലൂടെ മാത്രം സഞ്ചരിക്കാമെന്നതാണ് ഗവി റൂട്ടിന്റെ പ്രത്യേകത. ഇതുവഴിയുള്ള യാത്രയ്ക്കിടെ കെഎസ്ഇബിയുടെ ചെറുതും വലുതുമായ അര ഡസനോളം ഡാമുകൾ, പെൻസ്റ്റോക്ക് പൈപ്പുകൾ തുടങ്ങിവയും മനോഹര കാഴ്ചകളാകും. കാനന സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം വന്യമൃഗങ്ങൾ ഉൾപ്പെടെ കൺവെട്ടത്തു കൂടി കടന്നുപോകാറുണ്ട്. ഡാമുകളിൽ ബോട്ടിംഗ് സൗകര്യം ഉൾപ്പെടെ ലഭ്യമാകുമെന്നതിനാൽ ഏകദിന യാത്രയ്ക്കായി നിരവധി സഞ്ചാരികളാണ് ഗവി റൂട്ടിനെ തെരഞ്ഞെടുക്കുന്നത്.
കെഎസ്ആർടിസി പാക്കേജ് സർവീസ് ആരംഭിച്ചതോടെ ഒട്ടനവധിയാളുകളും ഇതിനെയാണ് ആശ്രയിക്കുന്നത്. വനംവകുപ്പിന്റെ ഓൺലൈൻ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമുണ്ട്. സ്വകാര്യ വാഹനങ്ങൾ നിശ്ചിത എണ്ണം മാത്രമേ ഓരോദിവസവും കടത്തിവിടുകയുള്ളൂ. താമസസൗകര്യം പരിമിതമായതിനാൽ രാവിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് കടക്കുന്ന സഞ്ചാരികൾ ഗവി കണ്ടശേഷം വൈകുന്നേരം വള്ളക്കടവ് ചെക്ക് പോസ്റ്റ് കടന്നിരിക്കണമെന്നാണ് നിർദേശം.
മൂഴിയാർ ഇടത്താവളം വികസനം
പത്തനംതിട്ട നഗരത്തിൽ നിന്നും ഗവി റൂട്ടിൽ ഏതാണ്ട് 50 കിലോമീറ്റർ കഴിയുന്നതോടെ ആങ്ങമൂഴി -കൊച്ചാണ്ടിയിൽ എത്താം. ഗൂഡ്രിക്കൽ റേഞ്ചിൽപെട്ട കൊച്ചാണ്ടിയിലാണ് വനംവകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റ്. വനത്തിലൂടെ പത്ത് കിലോമീറ്റർ പിന്നിട്ട് ചോരക്കിയിലൂടെ മൂഴിയാറിൽ എത്താം. കേരളത്തിലെ രണ്ടാമത്തെ വലിയ വൈദ്യുതോത്പാദന കേന്ദ്രമായ ശബരിഗിരി പവർ സ്റ്റേഷൻ (360 മെഗാവാട്ട് ) മൂഴിയിറാലാണ് സ്ഥിതി ചെയ്യുന്നത്.
കൂടാതെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാർ അണക്കെട്ടും ഇവിടെയാണ്. മൂഴിയാറിന്റെ വ്യത്യസ്തമായ ഭൂപ്രകൃതി തന്നെയാണ് ഇവിടം പ്രധാന ഇടത്താവളമായി മാറ്റണമെന്ന് നിർദേശം ഉയരാൻ കാരണം. 1964-65 കാലഘട്ടത്തിൽ ശബരിഗിരി പദ്ധതി നിർമാണം നടക്കുന്ന വേളയിൽ നിർമാതാക്കളായ കനേഡിയൻ കമ്പനി ആസൂത്രിതമായി വികസിപ്പിച്ച 40 ഏക്കർ എന്ന ഹിൽ സ്റ്റേഷൻ ഇവിടെയുണ്ട്. സഹ്യ സാനുവിലെ നിത്യഹരിത വനമേഖലയിൽ ഇടതൂർന്ന് വളരുന്ന സസ്യജാലകങ്ങളിൽ നിന്നും വ്യത്യസ്തമായി വിദേശ മരങ്ങളാണ് കനേഡിയൻ കമ്പനി ഇവിടെ നട്ടുവളർത്തിയിട്ടുള്ളത്.
ആസൂത്രിതമായ ടൗൺഷിപ്പായാണ് ഈ സ്ഥലം വികസിപ്പിച്ചിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങളിൽ കാണാവുന്ന ശൈലിയിലാണ് ജനവാസ മേഖലയിൽ പാർപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. റോഡിന്റെ ഒരു വശത്ത് ഭംഗിയുള്ള വീടുകൾ, മലിനജലം ഒഴുകി പ്പോകാൻ ഡ്രെയ്നേജ് സംവിധാനം. വൈദ്യുതി ബോർഡിലെ ജീവനക്കാർക്ക് താമസിക്കാനായി 60 വർഷം മുമ്പ് നിർമിച്ചവയാണിവ. സ്കൂൾ, ആശുപത്രി, ക്ലബ്, വൈദ്യുതി ബോർഡിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നിവ പഴയകാല പ്രൗഢിയോടെ മൂഴിയാറിൽ നിലനിൽക്കുന്നു.
ശബരിഗിരി പവർ സ്റ്റേഷൻ നിർമാണം പൂർത്തിയായ ശേഷം ഏതാണ്ട് 30 വർഷത്തോളം ഇവിടെയുള്ള കെട്ടിടങ്ങളിൽ ജീവനക്കാർ കുടുംബസമേതംപാർത്തിരുന്നു. എന്നാൽ 1990 മുതൽ ജീവനക്കാർ കുറഞ്ഞു. ഇപ്പോൾ പല കെട്ടിടങ്ങളും ഒഴിഞ്ഞു കിടക്കുന്നു.
യഥാസമയം അറ്റകുറ്റ പ്പണികൾ നടത്താത്തതിനാൽ പലതും നശിച്ചു തുടങ്ങി. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന എസ്. ഹരികിഷോർ 40 ഏക്കറിന്റെ പ്രൗഢി വീണ്ടെടുക്കുന്നതിലേക്ക് കാട് വെട്ടിത്തെളിച്ച് ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും പഴയ പടിയായി.
മൂഴിയാറിലെ കെട്ടിടങ്ങൾ സജ്ജീകരിക്കണം
ഗവിയിലേക്കുള്ള യാത്രക്കാരെ മൂഴിയാറിൽ എത്തിച്ച് അവർക്ക് വേണ്ട അവശ്യ സംവിധാനങ്ങൾ ഒരുക്കുകയാണ് ഇടത്താവള വികസനത്തിനായി ചെയ്യേണ്ടത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ അവർക്ക് വാടകയ്ക്ക് നൽകാം. നിലവിലുള്ള ഐബിയിൽ ഭക്ഷണ സൗകര്യം ക്രമീകരിക്കാനും അവശ്യം വേണ്ട വിനോദോപാധികൾ ലഭ്യമാക്കാനുമാകും.
മൂഴിയാർ ഡാമിൽ ബോട്ടിംഗ് സംവിധാനം ഒരുക്കാം. കാടിന്റെ വന്യത സഞ്ചാരികൾക്ക് ആസ്വദിക്കാനായി ട്രക്കിംഗ് സംവിധാനം ഒരുക്കാൻ കഴിയും. സായിപ്പിൽ കുഴി, ലുക്ക് ഔട്ട് മേഖല, അരണ മുടി എന്നിവിടങ്ങളിലേക്ക് യാത്രയാകാം. ഇത് പാക്കേജായും നടപ്പാക്കാം. മുന്പു സുന്ദരമായി ലാൻഡ് സ്കെയ്പ് ചെയ്ത് പുൽത്തകിടി പിടിപ്പിച്ച സ്ഥലങ്ങൾ എല്ലാം കാടുകയറിക്കിടക്കുന്നു. ഇവ പൂർവസ്ഥിതിയിലാക്കണം.
ഒരു ദിവസം സഞ്ചാരികൾക്ക് രാത്രി മൂഴിയാറിൽ പാർത്തശേഷം അടുത്ത ദിവസം രാവിലെ ഗവിയിലേക്ക് യാത്ര തുടരാം. മുകളിലുള്ള വാൽവ് ഹൗസിൽ നിന്നും വരുന്ന പെൻ സ്റ്റോക്ക് പൈപ്പ് ലൈൻ ഒന്നര കിലോമീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന പവർ ഹൗസിലേക്ക് കുത്തനെ പോകുന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. അരണമുടിയിലെ പുൽമേടുകളാണ് മറ്റൊരു പ്രകൃതി ദൃശ്യം. ആനകൾ നിന്ന് തീറ്റ എടുക്കുന്ന ദൃശ്യം മുകളിലേക്ക് നോക്കിയാൽ കാണാൻ കഴിയും. വരയാടുകൾ സാധാരണ കാഴ്ചയാണ്. കാട്ടുപൊത്താണ് മറ്റൊരു വന്യമൃഗം. അരണമുടിയിൽ നിന്നും കേവലം 10 കിലോമീറ്റർ സഞ്ചരിച്ചാൽ ശബരിഗിരി പദ്ധതിയുടെ ആനത്തോട് ജലസംഭരണി കാണാം.
ഇവിടെ ബോട്ടിംഗ് സംവിധാനം ഒരുക്കാവുന്നതാണ്. ഡാം പിന്നിട്ട് ആറ് കിലോമീറ്റർ പോയാൽ കക്കി അണക്കെട്ട് ദൃശ്യമാകും. ഇവിടെ ലഘുഭക്ഷണ ശാലകൾ നിർമിക്കാം. അവിടെ നിന്നും പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ പമ്പാ അണക്കെട്ട് സ്ഥിതി ചെയ്യുന്ന കൊച്ചു പമ്പയിൽ എത്തിച്ചേരാം. കൊച്ചുപന്പയിലും വൈദ്യുതി ബോർഡിന്റെ ഐബിയും അത്യാവശ്യം വേണ്ട സൗകര്യങ്ങളും ഉണ്ട്. കെഎസ്ഇബിയുടെ പഴയ കെട്ടിടങ്ങൾ പലതും ജീർണാവസ്ഥയിലാണ്. കൊച്ചുപന്പയിൽ അടച്ചുപൂട്ടിയ യുപി സ്കൂൾ കെട്ടിടവും ജർണാവസ്ഥയിലാണ്. ഇവയെല്ലാം സഞ്ചാരികൾക്കായി ഉപയോഗപ്പെടുത്താനായാൽ ഗവി ടൂറിസത്തിന്റെ സാധ്യതകൾ വിപുലീകരിക്കാം. ട്രക്കിംഗ് ഉൾപ്പെടെയുള്ള സംവിധാനം കൊച്ചുപന്പ കേന്ദ്രീകരിച്ച് നൽകാനുമാകും.