ലഹരിവിരുദ്ധ റാലിയും സമ്മേളനവും 20 ന്
1543209
Thursday, April 17, 2025 2:56 AM IST
പത്തനംതിട്ട: ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലി 20നു 4.30ന് കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഐപിസി ജോയിന്റ് സെക്രട്ടറി ഡോ. കൊച്ചാണത്ത് വർക്കി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കോയിപ്രം സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ്കുമാർ ഫ്ളാഗ് ഓഫ് ചെയ്യും.
ഇരവിപേരൂർ, വള്ളംകുളം വഴി തിരുവല്ല നഗരം ചുറ്റി നഗരസഭ ഓപ്പൺസ്റ്റേജിൽ സമാപിക്കും. ലഹരി വിരുദ്ധ സഭ മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സൺഡേസ്കൂൾ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി അധ്യക്ഷത വഹിക്കും. തിരുവല്ല പോലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സന്തോഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശേരി തെരുവ് നാടകം ഉദ്ഘാടനം ചെയ്യും. മുൻ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ലഹരിക്കെതിരേ കുട്ടികളോടൊപ്പം ബലൂൺ പറപ്പിക്കും. തോമസ് മാത്യു ചാരുവേലി, ജയിംസ് ഏബ്രഹാം, തോമസ് ജോർജ്, ജിസ്മോൻ ജോസഫ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.