മഠത്തുംചാൽ - മുക്കൂട്ടുതറ റോഡ് നിർമാണം എംഎൽഎ വിലയിരുത്തി
1543212
Thursday, April 17, 2025 2:56 AM IST
റാന്നി: മഠത്തുംചാൽ- മുക്കൂട്ടുതറ റോഡിന്റെ നിർമാണ പുരോഗതി പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി. നിർമാണം നടക്കുന്ന സ്ഥലങ്ങൾ എംഎൽഎ നേരിൽ സന്ദർശിച്ചു അധികൃതർക്കു വേണ്ട നിർദേശങ്ങൾ നൽകി.
റോഡിന്റെ വശങ്ങളിലെ സംരക്ഷണഭിത്തികെട്ടൽ, കലുങ്കുകളുടെ നിർമാണം തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത് നിർമാണം പൂർത്തിയാക്കുന്നതിനായി 17.75 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചത്.
മഠത്തുംചാൽ - മുക്കൂട്ടുതറ റോഡ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പുനർനിർമാണത്തിനായി കിഫ്ബി ഏറ്റെടുത്തത്. 36 കിലോമീറ്റർ ദൂരം വരുന്ന റോഡ് നിർമാണം പൂർത്തീകരണത്തിനായി 51.65 കോടി രൂപയാണ് ആകെ ചെലവഴിക്കുന്നത്. 10 മീറ്റർ വീതിയിൽ പുനരുദ്ധരിക്കുന്ന റോഡിന് 5.5 മീറ്റർ വീതിയിൽ ടാറിംഗ് നടത്തും.
പ്രധാന വ്യാപാര കേന്ദ്രങ്ങളായ മുക്കൂട്ടുതറ, ചാത്തൻതറ, വെച്ചൂച്ചിറ ടൗണുകളെ തമ്മിൽ റോഡ് ബന്ധിപ്പിക്കുന്നു. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ പെരുന്തേനരുവിയിലേക്കു പോകാനും ഈ റോഡാണ് ഉപയോഗിക്കുന്നത്.
മഠത്തുംചാൽ - കരിങ്കുറ്റി റോഡ്, കരിങ്കുറ്റി - അങ്ങാടി, റാന്നിയിലെ രണ്ട് ബൈപാസ് റോഡുകൾ, മന്ദമരുതി - വെച്ചൂച്ചിറ - കനകപ്പലം, വെച്ചൂച്ചിറ ചാത്തൻതറ - മുക്കൂട്ടുതറ റോഡുകളെ ചേർത്തിണക്കിയാണ് പദ്ധതി തയാറാക്കിയത്. കൊറ്റനാട്, റാന്നി - അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.
അവശേഷിക്കുന്ന ബിസി ഓവർലേ, സംരക്ഷണ ഭിത്തികൾ, അപകട സൂചനാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡിന്റെ വശങ്ങളിൽ ഓടകൾ, ഇന്റർലോക്ക് പാകൽ , ഐറിഷ് ഡ്രെയിൻ, റോഡ് അടയാളപ്പെടുതൽ എന്നിവയ്ക്കാണ് പുതുതായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ബെഗോറ കൺസ്ട്രക്ഷൻൻസാണ് റോഡിന്റെ നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.