യുവാവിനെ തട്ടിക്കൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ
1542931
Wednesday, April 16, 2025 2:46 AM IST
മാന്നാർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് മഞ്ഞിപ്പുഴ വീട്ടിൽ പ്രശാന്തി(35)നെയാണ് തട്ടികൊണ്ടുപോയി മർദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം പാമ്പാടി കൂരോപ്പട വട്ടോലിക്കൽ വീട്ടിൽ രതീഷ് ചന്ദ്രൻ (44), കോട്ടയം വെസ്റ്റ് വേളൂർ കരയിൽ വലിയ മുപ്പതിൽചിറ വീട്ടിൽ വി.കെ. നിഖിൽ (38), കോട്ടയം വെസ്റ്റ് വേളൂർകരയിൽ കൊച്ചുചിറയിൽ വീട്ടിൽ കെ. മനു ബേബി (34), കോട്ടയം പാമ്പാടി കൂരോപ്പട കണമല വീട്ടിൽ സഞ്ജയ് സജി (27) എന്നിവരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നിർദേശ പ്രകാരം മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാർ, എസ്ഐ സി.എസ്. അഭിരാം, ഗ്രേഡ് എസ്ഐ സുദീപ്, എഎസ്ഐ റിയാസ്, സീനിയർ സിപിഒമാരായ അജിത്, സാജിദ്, ശ്രീകുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തു.
പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ക്വട്ടേഷൻ ആക്രമണം, അടിപിടി, മോഷണം, അബ്കാരി തുടങ്ങി നിരവധി കേസുകൾ വിവിധ സ്റ്റേഷനുകളിലായി ഉണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.