കേന്ദ്ര സർക്കാരിന്റേത് ഫാസിസ്റ്റ് ശൈലി: മാലേത്ത് സരളാദേവി
1543202
Thursday, April 17, 2025 2:44 AM IST
പത്തനംതിട്ട: രാജ്യത്തു നില നിൽക്കുന്ന ഭരണകൂട ഭീകരതയെയും ഏകാധിപത്യ പ്രവണതകളെയും എതിര്‍ക്കുന്ന ജനാധിപത്യ മതേതരവാദികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടി തീവ്ര ഫാസിസവും ഏകാധിപത്യവുമാണെന്ന് മുന്‍ എംഎൽഎ മാലേത്ത് സരളാദേവി.
നാഷണല്‍ ഹെറാള്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ കള്ളക്കേസ് സൃഷ്ടിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരേ എഐസിസി ആഹ്വാനം ചെയ്ത സമരപരിപാടികളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സരളാദേവി.
സ്വാതന്ത്ര്യസമര നാളുകളില്‍ ആരംഭിച്ച് ദേശസ്നേഹികളെ പ്രചോദിപ്പിച്ച ദേശീയ ദിനപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള സംഘപരിവാര്‍, ബിജെപി തന്ത്രം ഫാസിസത്തിന്റെ രൂപത്തില്‍ പ്രകടമായിരിക്കുകയാണെന്നും ഇതിനെതിരേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ ചേറുത്തുനില്പും പ്രതിരോധവും സംഘടിപ്പിക്കുമെന്നും മാലേത്ത് സരളാദേവി പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, റോജിപോള്‍ ഡാനിയൽ, ഉണ്ണികൃഷ്ണന് നായര്‍, എസ്.വി. പ്രസന്നകുമാർ,
ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, ബാബു മാമ്പറ്റ, പി.കെ. ഇഖ്ബാല്‍, അജിത്ത് മണ്ണില്‍, അന്‍സര്‍ മുഹമ്മദ്, റെനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണിൽ, ടൈറ്റസ് കാഞ്ഞിരമണ്ണില്‍, ജോമോന് പുതുപ്പറമ്പിൽ, കെ.പി. മുകുന്ദന്, മേഴ്സി സാമുവൽ, ആന്‍സി തോമസ്, റോസമ്മ, വിന്‍സണ്‍ ചിറക്കാല, ആനി ജേക്കബ്, രാജു വടക്കേചരുവില്‍ എന്നിവര്‍ പ്രസംഗിച്ചു.